തില്ലങ്കേരിയില്‍ കൊലപാതകിയും കൊല്ലിച്ചവനും തമ്മിലുള്ള പോരാട്ടമെന്ന് പ്രതിപക്ഷം;  തെറ്റുകാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

തില്ലങ്കേരിയില്‍ കൊലപാതകിയും കൊല്ലിച്ചവനും തമ്മിലുള്ള പോരാട്ടമെന്ന് പ്രതിപക്ഷം; തെറ്റുകാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

ഷുഹൈബ് വധത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി
Updated on
2 min read

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകള്‍ പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്. രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ പ്രതികളെ കണ്ടെത്തിയെന്നും ഷുഹൈബ് വധക്കേസില്‍ പുതിയ തെളിവുകളോ പുതിയ പരാതികളോ ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നിയമസഭയില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചായിരുന്നു ടി സിദ്ദീഖ് എംഎല്‍എ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.

രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ പ്രതികളെ കണ്ടെത്തി

പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി ഗുണ്ടാസംഘങ്ങള്‍ക്ക് തണലൊരുക്കുന്നത് തങ്ങളുടെ സംസ്‌കാരമല്ലെന്നും, ക്രിമിനലുകളുടെ വാക്കുകള്‍ മഹത്വവല്‍ക്കരിക്കാന്‍ പ്രതിപക്ഷത്തിനു വ്യഗ്രതയാണെന്നും കുറ്റപ്പെടുത്തി. ഷുഹൈബ് വധക്കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്വട്ടേഷന്‍ സംഘങ്ങളുടെ തണലിലല്ല സിപിഎം എന്ന് പ്രതികരിച്ച മുഖ്യമന്ത്രി തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന രീതി പാര്‍ട്ടിയ്ക്ക് ഇല്ലെന്നും നിയമസഭയില്‍ വ്യക്തമാക്കി.

ക്രിമിനലുകളുടെ വാക്കുകള്‍ മഹത്വവല്‍ക്കരിക്കാന്‍ പ്രതിപക്ഷത്തിനു വ്യഗ്രത

പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയവര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നത് സ്വാഭാവികമാണെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. അത്തരം ചിലര്‍ വല്ലാത്ത ശത്രുതയോടെ പാര്‍ട്ടിയോട് പെരുമാറാറുണ്ട് അതൊന്നും പാര്‍ട്ടിയെ അത്രകണ്ട് ബാധിക്കുന്ന പ്രശ്‌നമല്ല. ഫലപ്രദമായ രീതിയിലാണ് പോലീസ് അന്വേഷണം. കൃത്യവും നിഷ്പക്ഷവും കാര്യക്ഷമവുമാണ് അന്വേഷണം. കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സിബിഐ വരുന്നതിനെ എതിര്‍ത്തത് പ്രതികളെ സംരക്ഷികാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചനക്കാരെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്

പ്രതിപക്ഷ നേതാവ്

എന്നാല്‍, പാര്‍ട്ടിക്കാര്‍ എല്ലാവരും തെറ്റുകള്‍ക്ക് ആതീതരല്ലെന്നും എല്ലാവരും മനുഷ്യരാണെന്നും മനുഷ്യര്‍ക്കുള്ള ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിക്കകത്ത് ഉള്ളവര്‍ക്കും ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി.

ഗൂഢാലോചനക്കാരെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഷുഹൈബ് വധക്കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം. പിജെ ആര്‍മിയുടെ മുന്നണിപ്പോരാളിയാണ് ആകാശ് തില്ലങ്കേരി, ഇയാള്‍ നടത്തിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ് ആകാശ്. സിപിഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. കാലം നിങ്ങളോട് കണക്ക് ചോദിക്കുകയാണ്. എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തില്ലങ്കേരിയില്‍ ഇപ്പോള്‍ കൊല ചെയ്തവനും കൊല്ലിച്ചവനും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നത് എന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി സിദ്ദീഖ് എംഎല്‍എ ഉയര്‍ത്തിയ ആരോപണം. കേസില്‍ പിടിയിലായ 11പ്രതികളും സിപിഎം നടത്തുന്ന ക്വട്ടേഷന്‍ സംഘത്തിലെ ആളുകളാണ്. ആകാശ് തില്ലങ്കേരിയും ഷുഹൈബും തമ്മില്‍ നേരിട്ട് ബന്ധമില്ലായിരുന്നു, ഇത് രാഷ്ട്രീയ വൈരാഗ്യ കൊലപാതകം തന്നെയാണ്. ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ മടിയിലാണെന്നും പ്രതികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിച്ചത് ഇവര്‍ വിഐപി പ്രതികളായതുകൊണ്ടാണെന്നും ടി സിദ്ദിഖ് ആരോപിച്ചു.

വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

logo
The Fourth
www.thefourthnews.in