'കേരളം പിടിച്ചു നിൽക്കുന്നത് കേന്ദ്ര സഹായം കൊണ്ടെന്നത് കുപ്രചാരണം'; സാമ്പത്തിക ഫെഡറലിസം അട്ടിമറിക്കുന്നെന്ന് പിണറായി
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങളിലും അവകാശങ്ങളിലും കേന്ദ്രം കൈ കടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം അപ്രഖ്യാപിത ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതവും ഗ്രാന്‍ഡും കുറയുകയാണ്. കേന്ദ്ര സഹായം കൊണ്ടാണ് സംസ്ഥാനം പിടിച്ചു നിൽക്കുന്നത് എന്നത് കുപ്രചാരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ ആകെ റവന്യു വരുമാനത്തില്‍ ശരാശരി 45 ശതമാനം കേന്ദ്ര വിഹിതമാണ്. എന്നാൽ കേരളത്തിന്റെ കേന്ദ്രവിഹിതം 36 ശതമാനം മാത്രമാണ്. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം കേന്ദ്രം ഹനിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം ലഭിക്കും വിധം ജിഎസ്ടി കൗൺസില്‍ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടിപ്പിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിഎസ്ടി നിയമം നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ ആദ്യമായി കേരളമാണ് നികുതി വകുപ്പിനെ പൂർണമായും പുനഃസംഘടിപ്പിക്കുന്നത്.
നികുതിദായകർക്ക് മെച്ചപ്പെട്ട സേവനം നൽകുക , നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി ചോർച്ച തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കുന്നത്. ടാക്സ് പേയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നീ മൂന്ന് വിഭാഗങ്ങളായാണ് മാറ്റം. റിട്ടേൺ ഫയലിങ് നിരീക്ഷണം, പ്രതിമാസ റിട്ടേണുകളുടെ സൂക്ഷ്മപരിശോധന, റീഫണ്ടുകൾ, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പ് എന്നിവയാണ് ടാക്സ് പേയർ സേവന വിഭാഗം കൈകാര്യം ചെയ്യുന്നത്. വ്യപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഇനി മുതൽ പരിശോധിക്കുന്നത് ഓഡിറ്റ് വിഭാഗമാകും. നികുതി വെട്ടിപ്പ് കണ്ടെത്തുകയും, തടയുകയുമാണ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതല.
ഇനി മുതല്‍ വ്യാപാരികൾ സമർപ്പിക്കുന്ന ജിഎസ്ടി രജിസ്ട്രേഷൻ അപേക്ഷകളുടെ പരിശോധനയും തീർപ്പും പൂർണമായും കേന്ദ്രീകൃത രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നാകും. ഇത് രജിസ്ട്രേഷൻ അപേക്ഷകൾ സമയബന്ധിതമായും പരാതി രഹിതമായും തീർപ്പാക്കാൻ സഹായിക്കും. മുമ്പ് രജിസ്ട്രേഷൻ അപേക്ഷകൾ തീർപ്പാക്കിയിരുന്നത് അതാത് സ്ഥലത്തെ ജിഎസ്ടി ഓഫീസുകളായിരുന്നു.