'പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാനാകില്ല' ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയെ വിമർശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി

'പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാനാകില്ല' ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയെ വിമർശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയതെന്നും മുഖ്യമന്ത്രി
Updated on
2 min read

ജമാഅത്ത് ഇസ്ലാമി നേതാക്കൾ ആർ എസ് എസുമായി ചർച്ചകൾ നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ചർച്ചയ്ക്കെതിരെ സമസ്തയടക്കമുള്ള സംഘടനകളും മുസ്ലീം ലീഗ്, ഐഎൻഎൽ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആൾക്കൂട്ടക്കൊല, വംശഹത്യ തുടങ്ങിയവയ്ക്ക് കാരണമെന്നും ഇക്കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താനാണ് ചർച്ചയെന്നുമായിരുന്നു ജമാഅത്തെ ഇസ്ലാമി നൽകുന്ന വിശദീകരണം.

ചർച്ചകളുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ജമാഅത്തി ഇസ്ലാമി നേതാക്കളുടെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയത് എന്ന് ചോദിച്ച മുഖ്യമന്ത്രി, ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത് എന്നും പറയുന്നു.

ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ കഴിഞ്ഞമാസം ചർച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറിയും മുൻ കേരള അമീറും ആയ ടി ആരിഫലി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ജനുവരി 14 ന് ന്യൂഡൽഹിയിൽ ആർ എസ് എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബുൾഡോസർ രാഷ്ട്രീയം, നിരപരാധികളെ അറസ്റ്റ് ചെയ്യൽ, ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് ചർച്ച നടന്നെന്നാണ് വിശദീകരണം. ഭരണകൂടത്തെ നിന്ത്രിക്കുന്നത് ആർഎസ്എസ് ആയതിനാലാണ് ചർച്ചയെന്നും അദ്ദേഹം ന്യായീകരിക്കുന്നുണ്ട്. ചർച്ചയ്ക്കും സംവാദത്തിനുമുള്ള വാതിലുകൾ അടയ്ക്കുകയില്ലെന്നും മുസ്‍ലിം സമുദായം ഹിന്ദുത്വ വിഭാഗത്തിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കൂട്ടായ തുറന്ന ചർച്ച നടത്തുകയെന്നതാണ് മുസ്ലിം നേതാക്കളുടെ നിലപാടെന്നും ജമാഅത്തെ ഇസ്‍ലാമിയുടെ അസി. സെക്രട്ടറി ലഈഖ് അഹ്മദും വ്യക്തമാക്കി.

ചർച്ചയെ കുറിച്ച് സ്ഥിരീകരണം വന്നതോടെ വിമർശനങ്ങളുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണെന്നും നിലപാടുകൾ കപടമെന്നും സമസ്ത കുറ്റപ്പെടുത്തി. ചർച്ച എന്ത് തന്നെയായാലും അത് മുസ്ലിം സമുദായത്തിന് ഗുണം ചെയ്യുന്നതല്ല എന്നും സമസ്‌ത കേരള ജംഇയത്തുൽ സെക്രട്ടറി ഉമർ ഫൈസി പറഞ്ഞു.

മുസ്ലിം ലീഗും സുന്നി- മുജാഹിദ് സംഘടനകളും ചർച്ചയെ എതിർത്തുകൊണ്ട് നിലപാട് വ്യക്തമാക്കി. ആർഎസ്എസുമായി പോരാട്ടത്തിലാണെന്നും ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും പ്രതികരിച്ചു. ഏകപക്ഷീയ ചർച്ചയാണ് നടന്നതെന്നും അതിൽ ജമാഅത്തെ ഇസ്ലാമിക്ക് പ്രത്യേക താല്പര്യമുണ്ടോയെന്ന് സംശയിക്കണമെന്നും കെ എൻ എം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി പറഞ്ഞു. ചർച്ചയുടെ ആവശ്യമില്ലെന്ന് ഇകെ സുന്നി വിഭാഗം നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂർ പ്രതികരിച്ചു. ഇതിന് പിന്നാലെ വന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയെ കൂടുതൽ ഒറ്റപ്പെടുത്തും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ രാജ്യഭരണം നിയന്ത്രിക്കുന്ന ആർഎസ്എസിനു മുന്നിൽ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയത്?ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാൽ മത നിരപേക്ഷതയുടെ സംരക്ഷണമാണ്.

അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാർ? അത്തരക്കാരുമായി ചർച്ച നടത്തിയാൽ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക? ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തിൽ ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികൾ. വർഗ്ഗീയതകൾ പരസ്പരം സന്ധി ചെയ്‌തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതിൽ ഒരേ മനസ്സോടെ നിൽക്കുന്നവരാണ് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.

logo
The Fourth
www.thefourthnews.in