ഹർത്താലിലുണ്ടായത് ആസൂത്രിത അക്രമമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയുടേത് കപട വര്‍ഗീയ വിരുദ്ധ നിലപാടെന്ന് പ്രതിപക്ഷം

ഹർത്താലിലുണ്ടായത് ആസൂത്രിത അക്രമമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയുടേത് കപട വര്‍ഗീയ വിരുദ്ധ നിലപാടെന്ന് പ്രതിപക്ഷം

പോലീസിനെ പിന്തുണച്ച് കാനം; മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പിറ്റേന്ന് എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കാന്‍ സാധിക്കില്ലെന്ന് വിശദീകരണം
Updated on
2 min read

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ നടന്നത് ആസൂത്രിത അക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമികളെയാരെയും വെറുതെ വിടില്ലെന്നും ഹർത്താലിൽ പോലീസ് ശരിയായ നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഹർത്താലിൽ സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.

സംസ്ഥാന സീനിയര്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലാണ് പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കേരളത്തില്‍ ഇന്നേവരെയുണ്ടാകാത്തതരം അക്രമങ്ങളാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖംമൂടി ആക്രമണങ്ങള്‍ പോലും നടത്തി. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതകൊണ്ടാവില്ല. രണ്ട് തരം വര്‍ഗീയതയും എതിര്‍ക്കപ്പെടണം. സംസ്ഥാനത്തെ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ പോലീസിന് കഴിയുന്നുണ്ട്. താത്ക്കാലിക ലാഭത്തിനായി വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആക്രമണം നടത്തിയ ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ പ്രതിപക്ഷം

അതേസമയം മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് കപട വര്‍ഗീയവിരുദ്ധ നിലപാടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‌റെ പ്രതികരണം. ഹര്‍ത്താലിനെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് വിസ്മയകരമാണന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസും പോപുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഒത്തുകളിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിനറെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ഹർത്താൽ അക്രമങ്ങൾക്ക് സർക്കാരും ഉത്തരവാദി'

പോപുലർ ഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് കേരളത്തിലെ ഇടതുസർക്കാരും ഉത്തരവാദിയെന്ന് ബിജെപി ആരോപിച്ചു. സി.പി.എമ്മും പോപ്പുലർഫ്രണ്ടും പരസ്പരം സഹായിക്കുകയാണെന്നും ബിജെപി എംപി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഹർത്താൽ ദിനം കേരളത്തിൽ കറുത്ത ദിനമായിരുന്നു. ജനങ്ങൾ തടവിലായി. ഇതിനെല്ലാം സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

അതേസമയം സർക്കാരിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നു. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പിറ്റേന്ന് എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കാന്‍ സാധിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വന്ന് ബസിന് കല്ലെറിഞ്ഞാല്‍ എന്തു ചെയ്യാനാകുമെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. ഹര്‍ത്താല്‍ തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി.

logo
The Fourth
www.thefourthnews.in