സഹകരണമേഖലയെ തകർക്കാമെന്നത് സ്വപ്നം മാത്രം; ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി
സഹകരണ മേഖലയെ തകർക്കാമെന്ന പലരുടെയും സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസമാണ്. സഹകരണ സ്ഥാപങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള കോടിക്കണക്കിന് രൂപയിൽ ഒരു ചില്ലി കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രതികരണം.
സഹകരണ മേഖലയിൽ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. സഹകരണ മേഖലയിലെ സാമ്പത്തിക ഭദ്രത തകർക്കുകയാണ് നീക്കം. നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയിലേത് കള്ളപ്പണമെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സഹകരണ മേഖലയിലെ നിക്ഷേപം മറ്റ് ചില സംഘങ്ങളിലൂടെ ആകർഷിക്കാൻ കഴിയുമോ എന്ന ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ചില മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ചിലതിന്റെ പരസ്യങ്ങളും വന്ന് തുടങ്ങിയിട്ടുണ്ട്. ആ പരസ്യങ്ങളിൽ ആകൃഷ്ടരായി നിക്ഷേപം അങ്ങോട്ടേക്ക് കിട്ടുമെന്നാണ് അവർ കരുതുന്നത്. എന്നാൽ ഇതൊന്നും കാരണം സഹകരണ മേഖലയുടെ ശേഷി നഷ്ടപ്പെട്ടിട്ടില്ല", മുഖ്യമന്ത്രി പറഞ്ഞു.
ജനസദസും കേരളീയവും ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തിൽ മുഖ്യമന്തി എതിർപ്പും അറിയിച്ചു. കേരളത്തിൽ ഒന്നും നടക്കില്ല എന്നൊരു ചിത്രം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. നാടിനോടും ജനങ്ങളോടുമല്ല പ്രതിപക്ഷത്തിന് സ്നേഹമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂർ തട്ടിപ്പിൽ തൃശൂർ ജില്ലയിലെ നേതാക്കളെ എം വി ഗോവിന്ദൻ താക്കീത് ചെയ്തിരുന്നു. പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. മുതിർന്ന നേതാക്കൾക്കിൽ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.