'കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വമില്ലായ്മയ്‌ക്കൊപ്പം, അത് രാജ്യനിലപാടാകരുത്'; പലസ്തീന്‍ വിഷയത്തിൽ മുഖ്യമന്ത്രി
പലസ്തീന്‍ വിഷയത്തില്‍ ബിജെപി നിലപാട് രാജ്യത്തിന്റെ നലപാടായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും പലസ്തീനൊപ്പം നിന്നിരുന്ന ഇന്ത്യയുടെ വിദേശ നയത്തില്‍ ബിജെപി വെള്ളം ചേര്‍ത്തെന്നും അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ഇസ്രയേലിന് പിന്തുണ നല്‍കുകയാണെന്നും കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് സയണിസ്റ്റ് പക്ഷപാതമാണ് കാട്ടുന്നതെന്നും ഐക്യരാഷ്ട്രസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ലോക സമൂഹത്തിന്റെ മൂന്നില്‍ രാജ്യത്തിന്റെ അഭിമാനം കെടുത്തുന്നതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ''ഇസ്രായേല്‍ സൗഹൃദത്തിന്റെ പേരില്‍ ബിജെപി അഭിമാനം കൊള്ളുന്നു. ആര്‍എസ്എസിന് അംഗീകരിക്കാന്‍ കഴിയുന്നവരാണ് സയണിസ്റ്റുകള്‍. എന്നാല്‍ ബിജെപി നിലപാട് രാഷ്ട്രത്തിന്റെ നിലപാട് ആയി മാറാന്‍ പാടില്ല''- മൃഖ്യമന്ത്രി പറഞ്ഞു.
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെയും ശശി തരൂര്‍ എംപിയെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വന്തമായി നിലപാടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന സമയത്താണ് ഇസ്രയേലിനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കാമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതെന്നും പറഞ്ഞു. നരസിംഹറാവു സര്‍ക്കാരിലൂടെ കോണ്‍ഗ്രസ് നടപ്പാക്കിയ നയം ഇപ്പോള്‍ ബിജെപി കുറേക്കൂടി ശക്തമായി നടത്തുകയാണെന്നുംം അദ്ദേഹം ആരോപിച്ചു. അതിനാല്‍ത്തന്നെ നിലപാടില്ലായ്മയാണ് തങ്ങള്‍ക്ക് നല്ലത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം ക്ഷണം നിരസിച്ച് റാലിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച മുസ്ലീം ലീഗിനെയും പിണറായി പരിഹസിച്ചു. നിലവിളികള്‍ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയം നോക്കിയല്ല സിപിഎം ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റാലി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നിലവിളികള്‍ക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കിയല്ല സി.പി.എം ഐക്യദാര്‍ഢ്യ റാലിയിലേയ്ക്ക് ആളുകളെ വിളിച്ചതും. മനുഷ്യത്വത്തിന് വേണ്ടിയുള്ള നിലവിളി ഒരു പക്ഷത്ത് നിന്ന് മാത്രമേ പാടുള്ളു എന്നില്ല. ക്ഷണിച്ചാല്‍ വരുമെന്ന് ഒരു കൂട്ടര്‍ പറഞ്ഞു. ക്ഷണിച്ചില്ലെങ്കില്‍ സമൂഹം എന്തു കരുതുമെന്ന് കരുതി ഞങ്ങള്‍ ക്ഷണിച്ചു.ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു''- മുസ്ലീം ലീഗിന്റെ പേരെടുത്ത് പറയാതെ പിണറായി കുറ്റപ്പെടുത്തി.