പ്രതിഷേധം പുകയുന്നതിനിടെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിരത്തിലേക്ക്; ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കാതെ സിഐടിയു
കെഎസ്ആര്‍ടിസിയുടെ ലാഭകരമായ റൂട്ടുകള്‍ സ്വിഫ്റ്റിന് കൈമാറുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂടി നിരത്തില്‍. 131 സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച ചടങ്ങില്‍ നിന്ന് സിഐടിയു വിട്ടുനിന്നു. മനപ്പൂര്‍വമാണോ അസൗകര്യമാണോ തൊഴിലാളി സംഘടനയുടെ വിട്ടുനില്‍ക്കലിന് പിന്നിലെന്ന് അറിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
തൊഴിലാളികളും സംഘടനകളും ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്വിഫ്റ്റിന്റെ സൂപ്പര്‍ഫാസ്റ്റുകളുടെ എന്‍ട്രി. 2017ന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പുറത്തിറക്കുന്നത്.
രണ്ട് മാസം സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ പൊളിക്കല്‍ നയത്തിന്റെ ഭാഗമായി ബസുകള്‍ നഷ്ടമാകുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ പ്രതിസന്ധിയാകും. സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് അതിനൊരു പരിഹാരമാകുമെന്ന് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുന്ന കോര്‍പ്പറേഷന്റെ നടപടിക്കെതിരെയും ശക്തമായ വിമര്‍ശനവുമുയരുന്നുണ്ട്. ജീവനക്കാരെ സംതൃപ്തരാക്കിയാണ് കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നതെന്നാണ് ഗതാഗത മന്ത്രിയുടെ വാദം.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 113 ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ എത്തും. ഇതിനായി കിഫ്ബി ഫണ്ടില്‍ നിന്നും 814 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ആദ്യ സമയത്ത് ശരാശരി പതിനായിരം യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഇപ്പോള്‍ ശരാശരി 45,000 യാത്രക്കാര്‍ ഉപയോഗിക്കുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു. കേരള സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നവീകരണത്തിനായി അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ഈ ബസുകള്‍ വാങ്ങിയത്.
എന്താണ് കെ സ്വിഫ്റ്റ്?
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 2021 നവംബര്‍ 9നാണ് രൂപീകൃതമായത്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തന്നെയാണ് സ്വിഫ്റ്റിന്റെയും മാനേജിങ് ഡയറക്ടര്‍. കേരള സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ കൊണ്ട് 116 ഡീസല്‍ ബസുകള്‍ സ്വന്തമാക്കിയ സ്വിഫ്റ്റിന്റെ ആദ്യയാത്ര 2022 ഏപ്രില്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റ് പത്ത് വര്‍ഷത്തിനുശേഷം 2031 ഓടെ കെഎസ്ആര്‍ടിസിയുമായി ലയിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.