കേരളം കൈവരിച്ച സാമൂഹികപുരോഗതിയാണ് യഥാർഥ കേരള സ്റ്റോറി; സര്‍ക്കാരിന്റെ വാർഷികം വികസനഗാഥയുടെ ആഘോഷവേള: മുഖ്യമന്ത്രി
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം വാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരളസമൂഹത്തെ ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റിത്തീര്‍ക്കുകയും വേണം. ഇതിനായി ജനകീയ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം വാര്‍ഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങള്‍ക്കുള്ള വേളയാകട്ടെ എന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവയ്ക്കുന്നു.
ആദ്യ ഇഎംഎസ് സര്‍ക്കാര്‍ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്‌കാരങ്ങളും ആധുനിക കേരള സൃഷ്ടിയില്‍ മുഖ്യപങ്ക് വഹിച്ചു
സഹോദര്യത്തിലും പുരോഗമന ആശയങ്ങളിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്‌നേഹവുമുള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍ ഈ ജനകീയപോരാട്ടങ്ങള്‍ക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളര്‍ന്നു വന്നു. കേരള സമൂഹത്തിന് ദിശാബോധം നല്‍കാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സര്‍ക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സര്‍ക്കാര്‍ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്‌കാരങ്ങളും ആധുനിക കേരള സൃഷ്ടിയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലുംകൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തില്‍ പ്രത്യാശയുടെ ദ്വീപ് എന്ന നിലയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളില്‍ അല്‍പവും വിട്ടുവീഴ്ച ചെയ്യാതെയും വര്‍ഗ്ഗീയതയുടെ ജനവിരുദ്ധ നീക്കങ്ങളെ ഇഞ്ചിനിഞ്ചിനു ചെറുത്തും ജനദ്രോഹ നടപടികള്‍ക്കെതിരായ ജനകീയ ബദലുകള്‍ അവതരിപ്പിച്ചും കേരളം മുമ്പോട്ടുപോകും.
നൂതന സാങ്കേതികവിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് വ്യവസായം എന്നീ മേഖലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീന്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാസമാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നടന്നത്. 1,500 കോടി രൂപയാണ് അതിന്റെ നിര്‍മ്മാണത്തിനു ചെലവു വരിക. ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന 4 സയന്‍സ് പാര്‍ക്കുകളാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്.
കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയര്‍ബസ്സും ടെക്മഹീന്ദ്രയും ടോറസ്സും ടാറ്റാ എലക്സിയും സഫ്രാനും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാന്‍ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവര്‍ഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഇടതുപക്ഷം ആധുനിക സാങ്കേതികജ്ഞാനത്തിനു മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന പ്രചാരണം തിരുത്തി. ഇന്റര്‍നെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കെ-ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഐ ടി രംഗത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഫ്യൂച്ചര്‍ ടെക്നോളജി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 82 ഉം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 171 ഉം കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 28 ഉം ഉള്‍പ്പെടെ 281 ഐ ടി കമ്പനികളാണ് കേരളത്തില്‍ പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതല്‍ 2022 വരെയുള്ള ആറു വര്‍ഷം കൊണ്ട് കേരളത്തിലെ ഐ ടി പാര്‍ക്കുകളിലെ കയറ്റുമതി 9,753 കോടിയില്‍ നിന്ന് 17,536 കോടിയായി ഉയര്‍ന്നു. അതായത്, ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവുണ്ടായി.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനെ ലോകത്തിലെ ഒന്നാം സ്ഥാനമുള്ള പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആയി യു ബി ഐ ഗ്ലോബല്‍ പ്രഖ്യാപിച്ചു. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളില്‍ നിന്നും എയ്ഞ്ചല്‍ ഫണ്ടിംഗ് സ്വീകരിച്ചുകൊണ്ട് നമ്മുടെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഇഗ്‌നൈറ്റ് പ്രോഗ്രാമുകള്‍ എല്ലാ നഗരങ്ങളിലും നടത്തിവരികയാണ്. 2026 ഓടെ കേരളത്തില്‍ 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. 2035 ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ടുവേണം നഗരഗതാഗതം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയടക്കമുള്ള വിഷയങ്ങളെ നാം സമീപിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ മാലിന്യസംസ്‌കരണം നടപ്പാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്.
2026 ഓടെ കേരളത്തില്‍ 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ രണ്ടുഘട്ടങ്ങളിലുള്ള സമഗ്രപദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗാര്‍ഹിക ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗും നടപ്പാക്കും. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം നല്ലൊരു തൊഴില്‍മേഖല കൂടിയാണ്. ആ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര സഹകരണത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്. അങ്ങനെ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. അതിന്റെ ഫലമായാണ് 2018 ലെ പ്രളയം, 2019 ലെ അതിവര്‍ഷം, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22 ല്‍ 4.64 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ കാര്‍ഷികമേഖലയ്ക്കു കഴിഞ്ഞത്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തി നമ്മള്‍ രാജ്യത്തിനു മാതൃകയായി. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നമ്മള്‍ അടുക്കുന്നു എന്നതാകട്ടെ ശ്രദ്ധേയമായ നേട്ടമാണ്.
സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയില്‍ വലിയ പങ്കുവഹിക്കുന്ന റബ്ബര്‍ മേഖലയിലെ സുപ്രധാനമായ ഒരിടപെടലായിരുന്നു റബ്ബര്‍ വിലസ്ഥിരതാ ഫണ്ട്. അതിനുപുറമെ, 1,050 കോടി രൂപ ചിലവിട്ട് കേരള റബ്ബര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുകയാണ്. ലാറ്റക്സ് ഉത്പന്നങ്ങളുടെ ഒരു ഹബ്ബും സ്വാഭാവിക റബ്ബറിന്റെ സംഭരണത്തിനായുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.
വികസിത നാടുകളിലുള്ളതിനു സമാനമായ സൗകര്യങ്ങള്‍ കേരളത്തിലും ലഭ്യമാക്കണം
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്താകെയുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാന്‍ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കാനും കഴിയുന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിവര്‍ത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാവുന്ന വിധത്തില്‍ ഇതിനോടകംതന്നെ 900 ത്തിലധികം സര്‍ക്കാര്‍ സേവനങ്ങളെ ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം തന്നെ അവശവിഭാഗങ്ങള്‍ക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ സേവനങ്ങളെ വീട്ടുപടിക്കല്‍ എത്തിക്കുകയുമാണ്.
നവകേരളം ഒരു വികസിത സമൂഹമാകണമെന്നുണ്ടെങ്കില്‍ വികസിത നാടുകളിലുള്ളതിനു സമാനമായ സൗകര്യങ്ങള്‍ കേരളത്തിലും ലഭ്യമാക്കണം, പ്രത്യേകിച്ച് നമ്മുടെ യുവാക്കള്‍ക്കുവേണ്ടി. ആ കാഴ്ചപ്പാടോടെ പഠനത്തോടൊപ്പം തൊഴില്‍ എന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി 'ഏണ്‍ വൈല്‍ യൂ ലേണ്‍' പദ്ധതി നടപ്പാക്കിവരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹ്യപുരോഗതിക്ക് ഉതകുന്ന വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നതിന് ട്രാന്‍സ്ലേഷന്‍ ലാബുകള്‍ സ്ഥാപിക്കുകയാണ്. 200 കോടി രൂപ മുതല്‍മുടക്കില്‍ 10 സര്‍വകലാശാലകളിലാണ് ഇത്തരം ലാബുകള്‍ സ്ഥാപിക്കുക.
ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. 1,136 കോടി രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാവുകയാണ്. നാഷണല്‍ ഹൈവേ വികസനം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്.
6,500 കോടി രൂപ ചിലവിലും 625 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പൂവാര്‍ മുതല്‍ കാസര്‍ഗോട്ടെ കുഞ്ചത്തൂര്‍ വരെ തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാവുകയാണ്. 3,500 കോടി രൂപ ചിലവിലും 1,251 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പാറശ്ശാല മുതല്‍ കാസര്‍ഗോട്ടെ നന്ദാരപടവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്. കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ഉപകരിക്കുന്നതും 200 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതുമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ ശ്രദ്ധേയമായ പദ്ധതിയാണ്.
പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതല്‍ മികവുറ്റതാക്കുകയാണ്. ക്യാന്‍സര്‍ കെയര്‍ സ്ട്രാറ്റജി, ജീവിതശൈലീ രോഗനിവാരണ പദ്ധതി പോലുള്ളവ യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ്. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അവയവമാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റര്‍ ഓഫ് എക്സലന്‍സ് ആരോഗ്യരംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുതരും.
വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ നവകേരളം സുസ്ഥിരവും ഉള്‍ച്ചേര്‍ക്കലില്‍ അടിസ്ഥാനപ്പെട്ടതുമായിരിക്കും. അതിന്റെ ദൃഷ്ടാന്തങ്ങളാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, പുനര്‍ഗേഹം, പഠനമുറി എന്നിങ്ങനെയുള്ള പദ്ധതികള്‍. പി എസ് സി നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും പ്രത്യേക റിക്രൂട്ട്മെന്റുകള്‍ നടത്തി അവശവിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചും ഒക്കെയാണ് നമ്മള്‍ നവകേരളത്തിലേക്ക് മുന്നേറുന്നത്. ആ മുന്നേറ്റത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിനായി രാജ്യത്തിനു തന്നെ വഴികാട്ടിയാവുന്ന നിരവധി മുന്‍കൈകളാണ് ക്രമസമാധാന പാലനത്തില്‍ കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.