സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ നിരവധി കേരളീയരാണ് സുഡാനില്‍ ജോലി ചെയ്യുന്നതെന്നും സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണവും, മരുന്നും വൈദ്യുതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുടങ്ങിയെന്ന പരാതികള്‍ സുഡാനില്‍ നിന്നും ലഭിച്ചുവെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കുന്നു. നിരവധി മലയാളികള്‍ സുഡാനിലെ വിദൂര പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അവരെ നാട്ടിലെത്തിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.
അതിനിടെ സുഡാനിൽ അക്രമം ശക്തമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് തുടരുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള നടപടികൾ യോഗത്തിൽ ചർച്ചയായി.
അതേസമയം, സുഡാനിലെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ എൽ-ഫാഷർ നഗരത്തിൽ താമസിച്ചുവന്ന കർണാടകയിലെ ഹക്കി പിക്കി ഗോത്രത്തിലെ 30 ഓളം പേർ കുടുങ്ങിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ വാക്പോരിനും വഴിവച്ചിരുന്നു. സുഡാനിലെ സൈനിക നേതൃത്വത്തിനുള്ളിലെ കടുത്ത അധികാര പോരാട്ടത്തിന്റെ അനന്തര ഫലമാണ് രാജ്യത്തെ സംഘർഷം. സുഡാനിലെ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) എന്ന അർദ്ധസൈനിക വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ.