മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

'ബിജെപിയുടെ തനിനിറം മതനിരപേക്ഷ സമൂഹം തിരിച്ചറിയും'; ഈസ്റ്റർ ദിനത്തിലെ നേതാക്കളുടെ അരമന സന്ദർശനം വിമർശിച്ച് മുഖ്യമന്ത്രി

വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്പോള്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി
Updated on
1 min read

ഈസ്റ്റര്‍ ദിനത്തില്‍ സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച ബിജെപി നേതാക്കളുടെ നടപടിയെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ തനിനിറം മനസിലാക്കാന്‍ കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ നിലപാട് സ്വീകരിച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടും. പ്രധാനമന്ത്രി ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്, ഇതുവരെ ചെയ്തതിലുള്ള പ്രായശ്ചിത്തമെങ്കില്‍ നല്ലകാര്യമെന്നും മുഖ്യമന്ത്രിയുടെ പരിഹാസം. വര്‍ഗീയതയ്‌ക്കെതിരെ കൃത്യമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍
ആലഞ്ചേരി, പാംപ്ലാനി: പിതാക്കന്‍മാരും ഗോള്‍വല്‍ക്കറും

''പ്രധാനമന്ത്രി ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചത്, ഇതുവരെ ചെയ്തതിലുള്ള പ്രായശ്ചിത്തമെങ്കില്‍ നല്ലകാര്യം. രൂപവും ഭാവവും നിറവും മാറ്റി നിങ്ങളുടെ അടുത്തേക്ക് വരുന്നു എന്ന നിലയിലുള്ള ചിത്രം ജനങ്ങളിലെത്തിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. എന്നാല്‍ ആളുകള്‍ അവരുടെ അനുഭവത്തിലൂടെയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. രാജ്യത്തുണ്ടാകുന്ന ദുരനുഭവങ്ങള്‍ നല്ല രീതിയില്‍ മനസിലാക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ബിജെപിയുടെ തനിനിറം മനസിലാക്കാന്‍ എല്ലാ മതനിരപേക്ഷ ചിന്തക്കാര്‍ക്കും സാധിക്കും. വര്‍ഗീയ നിലപാട് സ്വീകരിച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടും.'' അങ്കമാലിയില്‍ നടന്ന എം സി ജോസഫൈന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍
ബിജെപിയോട് അടുക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ സഭാ മേധാവികളും ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളും

ആര്‍എസ്എസിന്റെത് കപട മതേതരത്വമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മതന്യൂനപക്ഷങ്ങളെ തുടരാന്‍ അനുവദിക്കില്ലെന്നതാണ് ആര്‍എസ്എസ് നയം. ഹിറ്റ്‌ലര്‍ നടപ്പാക്കിയതും അതാണ്. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കി വോട്ടു ശേഷി കൂട്ടാനാണ് ആര്‍എസ്എസ് ശ്രമമെന്നും ബിജെപിക്കെതിരെ അണിനിരക്കാന്‍ ആരൊക്കെ തയ്യാറുണ്ടോ അവരെല്ലാം മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ നിലപാട് സ്വീകരിച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടും.

വര്‍ഗീയതയ്‌ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്പോള്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടെടുക്കാന്‍ കഴിയുന്നില്ല. ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് കൂട്ടത്തോടെ ഓടിപ്പോകേണ്ടി വന്നപ്പോള്‍ കോണ്‍ഗ്രസ് അനങ്ങാപ്പാറ നയം സ്വീകരിച്ചു. മനീഷ് സിസോദിയയ്‌ക്കെതിരെ കേസെടുത്തപ്പോള്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ചോദ്യം ചെയ്യാന്‍ സിപിഎം തയ്യാറായി. എന്നാല്‍ അതിനെ കോണ്‍ഗ്രസ് സമീപിച്ചത് തരംതാഴ്ന്ന നിലപാട് സ്വീകരിച്ചാണ്. അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസ് അപ്പോഴും മുന്നോട്ടു വച്ചതെന്നും പിണറായിവിജയന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in