ഒറ്റ മുറിയില്‍ ഇരുട്ട് ബാക്കി; ബ്രൈമൂറിലെ തോട്ടം തൊഴിലാളി വനജമ്മ ജീവനൊടുക്കി

ഒരു വർഷമായി തൊഴിലാളികൾ സമരമായിരുന്നതിനാൽ സർക്കാ‍ർ നൽകി വന്നിരുന്ന പെൻഷൻ മാത്രമായിരുന്നു വനജമ്മയുടെ ഏക ആശ്രയം

മിനിമം കൂലി, സ്വന്തമായൊരു വീട്... അങ്ങനെ എല്ലാ ആഗ്രഹങ്ങളും ബാക്കിവെച്ച് ബ്രൈമൂറിലെ തോട്ടം തൊഴിലാളി വനജമ്മ ലോകത്തോട് വിട പറഞ്ഞു. പിന്നാക്ക സമുദായത്തില്‍ ജനിച്ചതിന്റെ അവഹേളനങ്ങളും രാഷ്ട്രീയക്കാരുടെ മോഹന വാഗ്ദാനങ്ങളും നടക്കാതെ പോയ ആഗ്രഹങ്ങളുമെല്ലാം ബ്രൈമൂറിലെ മാരി​ഗോൾഡ് എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ വനജമ്മ അവസാനമായി പങ്കുവെച്ചത് 'ദ ഫോര്‍ത്തി'നോടായിരുന്നു. തൊഴിലാളികൾ നടത്തി വന്ന സമരം അടുത്തമാസം 17ന് ഒരു വർഷമാകാനിരിക്കെയാണ് 68 വയസ്സുളള വനജമ്മ ജീവനൊടുക്കിയത്. സമരം ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ സർക്കാരിന്റെ ഇടപെടലില്ലാതായാതോടെയാണ് വനജമ്മ ജീവിതം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് വനജമ്മ ടീ ഫാക്ടറിക്ക് സമീപം ആത്മഹത്യ ചെയ്തത്. ഒരു വർഷമായി തൊഴിലാളികൾ സമരമായിരുന്നതിനാൽ സർക്കാ‍ർ നൽകി വന്നിരുന്ന പെൻഷൻ മാത്രമായിരുന്നു വനജമ്മയുടെ ഏക ആശ്രയം. എന്നാൽ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ കാരണം ഒരു മാസത്തെ ചികിത്സയ്ക്ക് പോലും സർക്കാരിന്റെ പെൻഷൻ തികയില്ലായിരുന്നു.

കഴി‍ഞ്ഞ ഒരു വർഷമായി തൊഴിലാളികൾ സമരത്തിലായിരുന്നിട്ടും സർക്കാരോ മാനേജ്മെന്റോ ഒത്തുതീര്‍പ്പ് ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും അതിന്റെ വിഷമത്തിലാണ് വനജമ്മ ജീവനൊടുക്കിയതെന്നും സിപിഎം ഇടിഞ്ഞാർ ബ്രാഞ്ച് സെക്രട്ടറി സുദർശനൻ 'ദ ഫോർത്തി'നോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി വനജമ്മ ആരോ​ഗ്യകരമായി ബുദ്ധിമുട്ടുകളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും സർക്കാരിന്റെയും മാനേജ്മെന്റിന്റെയും കണ്ണ് തുറക്കുമോ എന്നാണ് തോട്ടം തൊഴിലാളിയായ ഫ്രാൻസിസ് ചോദിക്കുന്നത്.

ഒറ്റ മുറിയില്‍ ഇരുട്ട് ബാക്കി;
ബ്രൈമൂറിലെ തോട്ടം തൊഴിലാളി വനജമ്മ ജീവനൊടുക്കി
ഒറ്റമുറിയിലെ ഇരുട്ട്; ബ്രൈമൂർ എസ്റ്റേറ്റിലെ അതിജീവന സമരം

1966ൽ തോട്ടം പണിയ്ക്കായി ബ്രൈമൂറിൽ എത്തിയതായിരുന്നു വനജമ്മ. ഒരു രൂപ ഇരുപത്തി നാല് പൈസയ്ക്കാണ് തോട്ടത്തില്‍ പണി തുടങ്ങിയത്. മിനിമം കൂലി 496 രൂപയുള്ളപ്പോഴും 300 രൂപയായിരുന്നു അവര്‍ക്ക് കൂലിയായി കിട്ടിയിരുന്നത്. സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത വനജമ്മ കാട്ടു മൃഗങ്ങളെയും മഴയെയും ഒക്കെ പേടിച്ചാണ് എസ്റ്റേറ്റിലെ പൊട്ടിപ്പൊളിഞ്ഞ ലയത്തിൽ കഴിഞ്ഞിരുന്നത്. മിനിമം കൂലിയ്ക്കായി സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന സമരത്തിൽ കഴിഞ്ഞ ഒരു വർഷമായി വനജമ്മ പങ്കെടുത്ത് വരികയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷിച്ചിട്ടും പഞ്ചായത്ത് അധികൃതരില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത് അവ​ഗണന മാത്രമായിരുന്നു.

എസ്റ്റേറ്റിലെ ലയങ്ങളുടെ പരിസരങ്ങളിൽ കൃഷി ചെയ്ത് ഉപജീവനം കഴിക്കാമെന്ന് കരുതിയെങ്കിലും കാട്ടുമൃ​ഗങ്ങളുടെ ശല്യം കാരണം അത് നടക്കാതെ പോയെന്ന് വനജമ്മ പറഞ്ഞിരുന്നു. ​ഗ്രാമസഭ കൂടുമ്പോൾ പോലും പിന്നോക്ക സമുദായത്തിൽ ജനിച്ചതിനാല്‍ മാറ്റി നിർത്തിയിരുന്നെന്ന് വനജമ്മ പറഞ്ഞിരുന്നു.

"പിന്നോക്ക വിഭാ​ഗത്തിൽ ജനിച്ചുപോയി. ഇനിയിപ്പോൾ എന്ത് ചെയ്യാനൊക്കും. ഇനി മരിക്കും കാലം വരെ കിടക്കാം" - അവസാനമായി കണ്ടപ്പോള്‍ വനജമ്മയുടെ വാക്കുകള്‍ ഇങ്ങനെ. ഇനി പ്രതീക്ഷകളൊന്നും ബാക്കിയില്ലാതായതോടെ ആരുടേയും മോഹനവാഗ്ദാനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചു. എസ്റ്റേറ്റിന്റെ ആറടി മണ്ണിലേക്ക് തന്നെ യാത്രയായി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in