കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി; അധികൃതരുടെ പരാതിയില്‍ അന്വേഷണം
എംബിബിഎസ് പ്രവേശന യോഗ്യത നേടാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠനത്തിനെത്തി. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയാണ് നാല് ദിവസം എംബിബിഎസ് പുതിയ ബാച്ചിനൊപ്പം ക്ലാസില്‍ ഇരുന്നത്. ഹാജര്‍ പട്ടികയിലും വിദ്യാര്‍ത്ഥിനിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. കുട്ടി ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഹാജര്‍ പട്ടികയും പ്രവേശന രജിസ്ട്രറും ഒത്തു നോക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവേശന രജിസ്റ്ററില്‍ പേരില്ലെന്ന് കണ്ടെത്തി കോഴ്‌സ് കോര്‍ഡിനേറ്റര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.
തനിക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കൂട്ടുകാര്‍ക്ക് വാട്‌സ് ആപ് മെസേജ് അയക്കുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം
നവംബര്‍ 29 നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനം ആരംഭിച്ചത്. മൊത്തം 245 കുട്ടികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇക്കൂട്ടത്തില്‍ പെടാത്ത കുട്ടിയാണ് 4 ദിവസം തുടര്‍ച്ചയായി ക്ലാസിനെത്തിയത്. തനിക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കൂട്ടുകാര്‍ക്ക് വാട്‌സ് ആപ് മെസേജ് അയക്കുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം.
യോഗ്യത നേടാത്ത കുട്ടി ക്ലാസിനെത്തിയതിലും ഹാജര്‍ പട്ടികയില്‍ ഇടം പിടിച്ചതിലും ദൂരൂഹത തുടരുകയാണ്. കുട്ടിക്ക് മറ്റാരുടെയെങ്കിലും സഹായം ഇല്ലാതെ ഇത്തരത്തില്‍ ക്ലാസില്‍ വരാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലിനാണ് കേസിന്റെ അന്വേഷണ ചുമതല. കുട്ടിയുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.