ഹരിത ക്വാട്ടയില്‍ പികെ നവാസ് അകത്ത്; വനിതകള്‍ക്ക് ക്ഷമയുടെ പരീക്ഷ

ഹരിത ക്വാട്ടയില്‍ പികെ നവാസ് അകത്ത്; വനിതകള്‍ക്ക് ക്ഷമയുടെ പരീക്ഷ

അംഗങ്ങളില്‍ പകുതിയിലധികവും വനിതകളാണെങ്കിലും സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാക്കളില്‍ മാത്രമാണ് വനിതാ ലീഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയത്
Updated on
2 min read

വനിതാ പ്രതിനിധികളെ തീണ്ടാപാടകലെ നിര്‍ത്തിയും എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എംഎസ്എഫ് നേതാവിനെ ചേര്‍ത്ത് നിര്‍ത്തിയും മുസ്‌ലിം ലീഗ്. പുനഃസംഘടനാ മാനദണ്ഡങ്ങള്‍ ശാഖാ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ കര്‍ശനമായി നടപ്പിലാക്കിയ മുസ്ലീം ലീഗ് നേതൃത്വം പക്ഷേ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ എല്ലാം മറന്നു. പാര്‍ട്ടി അംഗങ്ങളില്‍ പകുതിയിലധികവും വനിതകളാണെങ്കിലും സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാക്കളില്‍ മാത്രമാണ് വനിതാ ലീഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയത്. സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ക്കാണ് ഇത്തവണ അവസരം നല്‍കിയത്.

സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ നൂര്‍ബിന റഷീദ് എന്നീ മൂന്ന് പേര്‍ മാത്രമാണ് ഇതിലുള്ളത്

'വനിതാ ലീഗിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് ജില്ലാ കമ്മിറ്റികള്‍ രുപീകരിച്ചു കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് വനിതാ ലീഗിന്റെ സംസ്ഥാന കമ്മിറ്റി വരുമ്പോള്‍ സ്വഭാവികമായും സെക്രട്ടറിയേറ്റില്‍ വനിതകള്‍ അംഗങ്ങളായി വരും. ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ സ്ഥിരം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തും'. എന്നായിരുന്നു സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിഎംഎ സലാം നല്‍കിയ മറുപടി.

എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ പികെ നവാസിനെതിരെ ലൈഗിംകാധിക്ഷേപ പരാതി നല്‍കിയിരുന്നു

വനികളെ പ്രത്യേക പരിഗണന നല്‍കി ഉള്‍പ്പെടുത്തിയെന്ന് നേതൃത്വം അവകാശപ്പെട്ട സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ എംഎസ്എഫ് നേതാവായ പികെ നവാസിനും അവസരം ലഭിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായകാര്യം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റ് വരെ നേരിട്ടയാളാണ് പികെ നവാസ്. കോഴിക്കോട് നടന്ന എംഎസ്എഫ് യോഗത്തില്‍ പ്രസിഡന്റ് നവാസ് അപമാനിച്ച് സംസാരിച്ചുവെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. ഐപിസി 354 (എ) വകുപ്പ് ചുമത്തിയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേൽ ചുമത്തിയിരുന്നത്.

ഹരിത ക്വാട്ടയില്‍ പികെ നവാസ് അകത്ത്; വനിതകള്‍ക്ക് ക്ഷമയുടെ പരീക്ഷ
മാനദണ്ഡങ്ങളില്‍ വെള്ളം ചേർത്തു; പിഎംഎ സലാം ജനറൽ സെക്രട്ടറി, ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു

പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെ എണ്ണം 19 എന്ന് നിശ്ചയിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ചപ്പോഴത് 24 ആയെന്നതും ശ്രദ്ധേയമാണ്. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന തീരുമാനവും ലംഘിക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് 31 പേരെയും സ്ഥിരം ക്ഷണിതാക്കളായി 7 പേരെയും ഉള്‍പ്പെടുത്തി. ഫലത്തില്‍ സെക്രട്ടേറിയേറ്റിന്റെ എണ്ണം 38 ആയി ഉയര്‍ന്നു.

എംകെ മുനീറിന്റെ ചരടുവലികള്‍ ഫലം കണ്ടില്ല

ഇത്തവണ, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ഡോ. എംകെ മുനീറും ചരടുവലികള്‍ നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. ഒരുവിഭാഗം നേതാക്കള്‍ മുനീറിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിഎംഎ സലാമിനെ ശക്തമായ പിന്തുണച്ച പികെ കുഞ്ഞാലിക്കുട്ടി വിഭാഗത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകരുതെന്ന സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും മുനീറിന് തിരിച്ചടിയായി. മുഴുവന്‍ ജില്ലാ കമ്മിറ്റികളുടെയും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരെ മലപ്പുറത്തേക്ക് അടിയന്തരമായി വിളിപ്പിച്ചായിരുന്നു പ്രശ്‌നപരിഹാരങ്ങള്‍.

logo
The Fourth
www.thefourthnews.in