പ്രതി അതിജീവിതയെ വിവാഹം കഴിച്ചു; പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി
പോക്സോ കേസിലെ അതിജീവിതയെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തിൽ പ്രതിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. 2021ൽ പത്തനാപുരം പോലിസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് പി ഗോപിനാഥ് റദ്ദാക്കിയത്.
പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ നിരവധി തവണ കാറിൽവച്ച് സ്വകാര്യഭാഗങ്ങളിൽ പ്രതി സ്പർശിച്ചുവെന്നും 2019 മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പ്രതിക്കെതിരെയുള്ള പരാതി. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷമാണ് ലൈംഗിക ബന്ധം നടന്നതെന്നാണ് പ്രതിയുടെ വാദം. പോക്സോ നിയമത്തിലെ ഏഴ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 376 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് കേസ്. ലൈംഗിക ബന്ധം നടന്നത് പ്രായപൂർത്തിയായ ശേഷമാണെന്നും കേസിൽ വ്യക്തമാക്കുന്നു.
കേസ് നിലനിൽക്കെ ഇരയും പ്രതിയും തമ്മിൽ വിവാഹിതരായി. ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്ന സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
2023 ജൂൺ മുതൽ ഭാര്യാ ഭർത്താക്കൻമാരായി ജീവിക്കുകയാണെന്ന് വ്യക്തമാക്കി സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവർ തമ്മിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നു പ്രോസിക്യൂഷനും അറിയിച്ചു.
ഇരുവരും വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തിൽ പ്രതിക്കെതിരെ നടപടികൾ തുടരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ക്രമിനൽ നടപടി ചട്ടത്തിലെ 482 വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുനലൂർ അതിവേഗ കോടതിയിലുള്ള കേസിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കിയത്.