'കേരളത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷം തകരും';ഇടത് വിമര്‍ശനവുമായി സച്ചിദാനന്ദന്‍

'കേരളത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷം തകരും';ഇടത് വിമര്‍ശനവുമായി സച്ചിദാനന്ദന്‍

ഗ്രോ വാസുവിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള പോലീസിന്റെ നടപടികളെ അദ്ദേഹം വിമർശിച്ചു
Updated on
2 min read

രാജ്യത്തെ ഇടതുപക്ഷത്തെയും അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് കവി സച്ചിദാന്ദന്‍. കേരളത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ഇടതുപക്ഷം തകരുമെന്നുള്‍പ്പെടെയുള്ള വിമര്‍ശനം അദ്ദേഹം നടത്തി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും

കേരളത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളെയും കെ സച്ചിദാന്ദന്‍ വിമര്‍ശിച്ചു. 'കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെയും യുഎപിഎ ചുമത്തലുകളെയും ഞാന്‍ അംഗീകരിക്കുന്നില്ല. ഗ്രോവാസുവിന്റെ അറസ്റ്റ് അടക്കമുള്ള കേരള പൊലീസിന്റെ നടപടികളും അപലനീയമാണ്. വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സര്‍ക്കാരിന് ബംഗാളില്‍ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും'. അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിലുള്ള പലരും വിശ്വാസികളാണ്

'കേരളത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷം തകരും';ഇടത് വിമര്‍ശനവുമായി സച്ചിദാനന്ദന്‍
വിവേകം ഇവിടെ വിമതമാകുന്നു; വിമതം സത്യവും

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു വിപ്ലവ പാര്‍ട്ടിക്ക് ഉയര്‍ന്ന് വരാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കൊണ്ടാണ് മുന്‍കാല വിപ്ലവങ്ങള്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യപരവും സാമൂഹ്യപരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്. സമൂഹത്തെ കൂടുതല്‍ സമത്വമുള്ളതാക്കാനും ഇപ്പോള്‍ അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം നിലനിര്‍ത്താനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും ഇടതുപക്ഷത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷം ഇപ്പോഴും യുക്തിവാദത്തില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടതുപക്ഷത്തിലുള്ള പലരും വിശ്വാസികളാണെന്നും അദ്ദേഹം പറയുന്നു. പല നേതാക്കള്‍ക്കും പൊതുസ്ഥലത്ത് മതം ഉപേക്ഷിച്ച് സ്വകാര്യമായി അനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സംഘപരിവാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ആഴം മനസ്സിലാക്കാന്‍ ഇപ്പോഴും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല

വലതുപക്ഷം അധികാരത്തിലെത്തുന്നത് മൂന്‍കൂട്ടി കാണാന്‍ ഇടതുപക്ഷത്തിലുള്ളവര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇടതുപക്ഷത്തിനും പങ്കുണ്ടെന്ന വിമര്‍ശനവും അദ്ദേഹം നടത്തി. 2008 ല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചത് കോണ്‍ഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തെന്നാണ് സച്ചിദാന്ദന്റെ നിരീക്ഷണം. മാത്രമല്ല കോണ്‍ഗ്രസിന്റെ തളര്‍ച്ച വിഷമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സംഘപരിവാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ആഴം മനസ്സിലാക്കാന്‍ ഇപ്പോഴും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദന്‍ വിമര്‍ശിക്കുന്നു.എന്നാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയില്‍ അവര്‍ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ഇപ്പോള്‍ പല നിയമങ്ങളിലും അവര്‍ ഭേദഗതി വരുത്തി. അടുത്ത ലക്ഷ്യം ഭരണഘടനയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അതും തിരുത്തപ്പെടും. അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ ഇത്തരത്തിലുളള ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കിയതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും സച്ചിദാന്ദന്‍ ആരോപിക്കുന്നു.

ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഈ സാഹചര്യത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു സംവിധാനവും സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകള്‍ക്കിടയില്‍ നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്കെല്ലാം പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സാഹചര്യത്തില്‍ മാര്‍ക്‌സിനേക്കാള്‍ പ്രസക്തി ഗാന്ധിജിക്കാണോ എന്ന ചോദ്യത്തിന് ഗാന്ധിയില്‍ ഒരുപാട് മാര്‍ക്‌സും മാര്‍ക്‌സില്‍ ഒരുപാട് ഗാന്ധിയുമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 1948 ന് ശേഷം ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവനും ജാതി ഉന്മൂലനത്തിനായി സമര്‍പ്പിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇത്തരത്തിലൊരു വ്യക്തി ആരാധന മുന്‍പ് ഉണ്ടായിട്ടില്ല

മാവോയിസത്തിന് ഇനി ഇന്ത്യയില്‍ ഭാവിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'മാവോയിസം എല്ലായിടത്തും പരാജയപ്പെട്ടു. അതിലെ ഏറ്റവും വലിയ ഉദാഹരണമാണ് ക്യൂബ. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന മുന്‍ നക്‌സലൈറ്റും സൈദ്ധാന്തികനുമായി കെ വേണുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ അത്തരമൊരു പാര്‍ലമെന്റ് സംവിധാനം എല്ലാ വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും സമുദായങ്ങളെയും സ്ത്രീകളെയും പ്രതിനീധികരിക്കുന്നുണ്ടോ എന്നാണ് ഉയര്‍ത്തേണ്ട ചോദ്യം'. .കേന്ദ്രത്തിലും കേരളത്തിലും ഒരു നേതാവിനെ മാത്രം കേന്ദ്രീകരിച്ച് ആരാധിക്കുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി തന്റെ നിലപാട് വ്യക്തമാക്കി. കേരളത്തില്‍ ഇത്തരത്തിലൊരു വ്യക്തി ആരാധന മുന്‍പ് ഉണ്ടായിട്ടില്ലെന്നും ആരുടെയും പേരെടുത്ത് പരാമർശിക്കാതെ സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in