വിഴിഞ്ഞത്ത് വന്‍ പോലീസ് സന്നാഹം; തീരദേശങ്ങളി‍ല്‍ ജാഗ്രതാ നിര്‍ദേശം

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി.
വിഴിഞ്ഞത്ത് വന്‍ പോലീസ് സന്നാഹം; തീരദേശങ്ങളി‍ല്‍ ജാഗ്രതാ നിര്‍ദേശം

സമരക്കാര്‍ ഹാര്‍ബറിലേയ്ക്ക് പിന്മാറി

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഉണ്ടായ വന്‍ സംഘര്‍ഷത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങി. പോലീസ് നടപടിയ്ക്ക് പിന്നാലെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. പിന്നീട് വിഴിഞ്ഞ ബസ് സ്റ്റാന്‍ഡിന് സമീപം സംഘടിച്ച പ്രതിഷേധക്കാര്‍ പത്ത് മണിയോടെ ഹാര്‍ബറിലേയ്ക്ക് മാറി.

കളക്ടറും കമ്മീഷണറും വിഴിഞ്ഞത്ത്

സംഘര്‍ഷം അരങ്ങേറിയ വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറും, സിറ്റി പോലീസ് കമ്മീഷണറും. കളക്ടര്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സ്പര്‍ജന്‍ കുമാര്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.

വിഴിഞ്ഞത്ത് സംരക്ഷണം വേണം; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി നാളെ ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിര്‍ദേശിച്ച കോടതി കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയം സർക്കാരിനെതിരെ കെ സുരേന്ദ്രൻ

വിഴി‍ഞ്ഞത്ത് കലാപസാഹചര്യം ഉണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാൻ കാരണം. സർക്കാരിലെ ഒരു വിഭാഗം സമരക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ചിലർ ജനങ്ങൾക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു.

വേണ്ടത്ര പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സർക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ കൺമുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാർ സമരത്തെ എതിർക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകന് പരുക്ക്

വിഴിഞ്ഞത്തെ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകന് പരക്കേറ്റു. എ സി വി ന്യൂസ് വിഴിഞ്ഞം ലേഖകനും കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷെരീഫ് എം ജോര്‍ജിനാണ് സംഘര്‍ഷത്തിനിടെ പരുക്കേറ്റത്. വിഴിഞ്ഞം സമരം റിപ്പോര്‍ട്ടിങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. പരുക്കേറ്റ ഷെരീഫ് എം ജോര്‍ജിനെ തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപലപിച്ചു.

സഭാ പ്രതിനിധികളുമായി ചര്‍ച്ച

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞത്ത് സഭാ പ്രതിനിധികളുമായി ചര്‍ച്ച. ജില്ലാ കളക്ടറുള്‍പ്പെടെ സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിടണമെന്നാണ് സമര സമിതിയുടെ ആവശ്യം.

അതിനിടെ, സംഘര്‍ഷത്തിന് കാരണം പോലീസ് ഇടപെടലാണെന്ന് ലത്തീന്‍ സഭാ നേതൃത്വം ആരോപിച്ചു. ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കട്ടെയെന്നും സ്റ്റേഷനില്‍ ചര്‍ച്ചയ്‌ക്കെത്തിയ വികാരി ജനറല്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ പ്രതികരിക്കാം. അക്രമത്തിന്റെ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനാകെയുള്ള തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കോസ്റ്റല്‍ പോലീസിനോടടക്കം സജ്ജമായിരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷമുണ്ടായ പ്രദേശത്തേയ്ക്ക് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള പോലീസ് സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. അടൂര്‍, റാന്നി എന്നീ ക്യാമ്പുകളില്‍ നിന്നാണ് പോലീസുകാരെ എത്തിക്കുക.

എറണാകുളം ക്യാമ്പില്‍ നിന്നും പോലീസുകാരെ എത്തിക്കാന്‍ നീക്കമുണ്ട്. കൂടൂതല്‍ എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. 1000 ത്തിലധികം പോലീസുകാരെ എത്തിക്കാനാണ് തീരുമാനം. അതേസമയം വിഴിഞ്ഞം സംഘര്‍ക്കേസില്‍ ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ പോലീസ് റിമാന്‍ഡ് ചെയ്തു. നാല് പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

ചര്‍ച്ച പൂര്‍ത്തിയായി

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. സമരക്കാരുമായി സംസാരിച്ചതിന് ശേഷം നിലപാട് അറിയിക്കുമെന്നും വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in