എൻഡോസൾഫാൻ: നിരാഹാരം നടത്തിയിരുന്ന ദയാബായിയെ അറസ്റ്റ് ചെയ്ത് നീക്കി
സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം നടത്തി വന്നിരുന്ന സാമൂഹ്യപ്രവർത്തക ദയാബായിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദയാബായിയുടെ ആരോഗ്യനില കണക്കിൽ എടുത്തതാണ് പോലീസ് നടപടി. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം. ഒക്ടോബർ രണ്ടിനാണ് ദയാബായി നിരാഹാര സമരം ആരംഭിച്ചത്.
ബലം പ്രയോഗിച്ചാണ് സമരവേദിയിൽ നിന്നും ദയാബായിയെ ജനറൽ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. അറസ്റ്റ് അല്ല , ആരോഗ്യ നില പരിഗണിച്ചുകൊണ്ട് ആശുപത്രിയിലേക്ക് നീക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി പറഞ്ഞു.
കാസർകോഡ് ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. കോവിഡ് കാലത്ത് ചികിത്സയ്ക്കായി അതിർത്തിയിൽ കാത്തു കിടക്കേണ്ടി വന്നതും മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക്ക് പൂർണമായി ഉപകരിക്കാത്തതും സമരക്കാർ ഉന്നയിച്ചിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം കിട്ടുന്ന എയിംസിനായുള്ള പരിഗണനാ പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.