കോട്ടയത്ത് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ കേസെടുത്ത് പോലീസ്; ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും
കോട്ടയം മുളക്കുളത്ത് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് അന്വേഷണം. സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്. നായ്ക്കള്‍ ചാവാനിടയായ കാരണം കണ്ടെത്താന്‍ ഇവയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തും. അനിമല്‍ പ്രൊട്ടക്ഷന്‍ സംഘടനയായ ' ആരോ' ഭാരവാഹി സിനു പി സാബുവിന്റെ നേതൃത്വത്തിലാണ് നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുക.
നായ്ക്കള്‍ കൂട്ടത്തോടെ ചാവാന്‍ ഇടയാക്കിയത് വിഷ പ്രയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു
നായ്ക്കള്‍ കൂട്ടത്തോടെ ചാവാന്‍ ഇടയാക്കിയത് വിഷ പ്രയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചത്ത നായ്ക്കളില്‍ വളര്‍ത്തുനായ്ക്കളും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചത്ത പന്ത്രണ്ട് നായ്ക്കള്‍ക്കും പേ ഉണ്ടായിരുന്നില്ലെന്ന് കാണിച്ച് പ്രദേശവാസിയാണ് പരാതി നല്‍കിയത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
സംസ്ഥാനത്ത് തെരുവ് നായ ശല്യം വലിയ വാര്‍ത്തയാവുന്നതിനിടെയാണ് കോട്ടയം മുളക്കുളം കാരിക്കോട് മേഖലയില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.
മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഒരു മാസത്തിനിടെ വൈക്കത്ത് മാത്രമായി ഇരുപതോളം പേര്‍ക്ക് തെരുവുനായയുടെ കടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെരുവ് നായ ആക്രമണം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.