കാട്ടാക്കട ഡിപ്പോയിലെ മര്‍ദ്ദന ദൃശ്യങ്ങള്‍
കാട്ടാക്കട ഡിപ്പോയിലെ മര്‍ദ്ദന ദൃശ്യങ്ങള്‍

കാട്ടാക്കട മര്‍ദ്ദനം: പ്രതികളെ പിടികൂടാതെ പോലീസ്; രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം

പ്രതികള്‍ ഒളിവിലാണെന്നും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തെരച്ചില്‍ നടത്തുന്നുണ്ടെന്നും പോലീസ്
Updated on
1 min read

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസില്‍ പ്രതികളെ പിടികൂടാതെ പോലീസ്. ഇന്നലെ കുറ്റാരോപിതര്‍ക്കു മേല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം, പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം.

സംഭവത്തില്‍ നിസാരവകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തന്നെയും മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയതോടെ ഏഴ് കേസുകള്‍ക്കു പുറമെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പായ 354 ചുമത്തുകയായിരുന്നു.

പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പോലീസ് ഇവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അക്രമികളിലൊരാള്‍ വലത് സംഘടനയായ ടിഡിഎഫിന്റെയും മറ്റൊരാള്‍ ഇടത് സംഘടനയായ സിഐടിയുവിന്റയും നേതാക്കളാണ്. സംഭവത്തില്‍ ഹൈക്കോടതി കെഎസ്ആര്‍ടിസിയോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ മാപ്പ് പറഞ്ഞിരുന്നു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സിഎംഡിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സെഷന്‍ പുതുക്കാനെത്തിയ മകളെയും അച്ഛനെയുമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കണ്‍സഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കത്തിനിടെ മകളുടെ മുന്നില്‍വെച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു. വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന ഗതാഗത മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ നാല് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in