അമല്‍ ജ്യോതി കോളേജിലെ പ്രതിഷേധം: മന്ത്രിമാരുടെ ഉറപ്പ് പാഴായി; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗവ. ചീഫ് വിപ്പ് എൻ ജയരാജിനെയും ഡിവൈഎസ്പിയേയും തടഞ്ഞുവച്ചതിനാണ് കേസ്. കണ്ടാലറിയാവുന്ന അൻപതോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്.
എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന സർക്കാർ ഉറപ്പ് നിലനില്‍ക്കുമ്പോഴാണ് പോലീസിന്റെ നീക്കം. അതേസമയം, ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി കാർത്തിക് അറിയിച്ചു.
വിദ്യാർഥികള്‍ക്കെതിരെ കേസ് എടുക്കില്ലെന്നായിരുന്നു മന്ത്രിതല ചര്‍ച്ചയിലെ ധാരണ. വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഉറപ്പ് നല്‍കിയിരുന്നു. നടപടിയുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ് പിയും പ്രതികരിച്ചിരുന്നു.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ എന്നിവർ നിന്ന് ഉറപ്പുലഭിച്ചതോടെ വിദ്യാർഥികള്‍ ബുധനാഴ്ച സമരം പിൻവലിച്ചിരുന്നു. കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു ധാരണയിലെത്തിയത്. അതിനിടെയാണ് വിദ്യാർഥികള്‍ക്കെതിരായ നടപടി.
ശ്രദ്ധയുടെ മരണത്തെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് കോളേജില്‍ നടന്നത്. കോളേജ് അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയ വിദ്യാര്‍ഥികള്‍ എച്ച്ഒഡിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.