നവജാത ശിശുവും അമ്മയും മരിച്ച സംഭവം; ചികിത്സാ പിഴവിന് പോലീസ് കേസെടുത്തു
ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ചികിത്സാ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ചികിത്സാ പിഴവുണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല.
അതേസമയം, കുടുംബത്തിന്‍റെ ആരോപണത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. പൊക്കിൾക്കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് 20 ശതമാനത്തിന് താഴെ മാത്രമായിരുന്നു ഹൃദയമിടിപ്പ്. ഇതേത്തുടര്‍ന്ന് അമ്മയെ ഉടന്‍ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി. അപര്‍ണയെ ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവസമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും സംഭവത്തില്‍ 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും സൂപ്രണ്ട് പറഞ്ഞു. ചികിത്സാ പിഴവുണ്ടായെന്ന ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രിയോടെയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും പ്രവസം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രസവത്തിന് പിന്നാലെ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിക്കുകയും ചെയ്തിരുന്നു. ലേബർ റൂമിലെ ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അമ്മയും മരിച്ചത്. ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അപര്‍ണയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കാണിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയത്. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കൾ ആരോപിച്ചു.