'ഇനി മദ്യപിക്കില്ല'; ഡ്രൈവർമാരെക്കൊണ്ട് 1000 തവണ ഇമ്പോസിഷൻ എഴുതിപ്പിച്ച് പോലീസ്

'ഇനി മദ്യപിക്കില്ല'; ഡ്രൈവർമാരെക്കൊണ്ട് 1000 തവണ ഇമ്പോസിഷൻ എഴുതിപ്പിച്ച് പോലീസ്

തൃപ്പൂണിത്തറ ഹിൽ പാലസ് സ്റ്റേഷനിലാണ് 16 ഡ്രൈവർമാരെ പോലീസ് പിടികൂടിയത്
Updated on
1 min read

മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാരെ കൊണ്ട് 'ഇനി മദ്യപിക്കില്ലെന്ന്' 1000 തവണ ഇമ്പോസിഷൻ എഴുതിപ്പിച്ച് പോലീസ്. തൃപ്പൂണിത്തറ ഹിൽ പാലസ് സ്റ്റേഷനിലാണ് 16 ഡ്രൈവർമാരെ പോലീസ് പിടികൂടിയത്. പുലർച്ചെ 5 മണി മുതൽ 9 വരെ തൃപ്പൂണിത്തറ എസ് ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായവരിൽ നാല് പേർ സ്‌കൂൾ ബസ് ഡ്രൈവർമാരാണ്.

2 പേർ കെഎസ്ആർടിസി ഡ്രൈവർമാരും, 10 പേർ പ്രൈവറ്റ് ബസ് ഡ്രൈവർമാരുമാണ്. കിരങ്ങാച്ചിറ വൈക്കം റോഡ് എന്നിവിടങ്ങളിലായി രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചതായി മനസിലാക്കിയതിനെ തുടർന്ന് പോലീസ് അവരെ സ്റ്റേഷനിലെത്തിച്ചു. 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇമ്പോസിഷൻ എഴുതിച്ച ശേഷമാണ് അവരെ ജാമ്യത്തിൽ വിട്ടയച്ചത്. ബസിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തറ സ്റ്റാന്റിലെത്തിച്ചു.

മഫ്തിയിലുള്ള പോലീസ് ഡ്രൈവർമാർ സ്കൂൾ വിദ്യാർഥികളെ അവരുടെ സ്കൂളുകളിലും എത്തിച്ചു. കെഎസ്ആർടിസിയിലെ ഡ്രൈവർമാരെ സംബന്ധിച്ചുള്ള റിപ്പോർട്ട് കെഎസ്ആർടിസിയുടെ അധികാരികൾക്ക് സമർപ്പിച്ചു. പിടിയിലായവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in