പോലീസുകാര്‍ ചട്ടം ലംഘിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ശബരിമല പ്രക്ഷോഭ സമയത്ത് പോലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പോലീസ് സേനയില്‍ പലരും ചട്ടം ലംഘിച്ചാണ് ജോലി ചെയ്യുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചു. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി.
നിലയ്ക്കലിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാനും റാന്നി സ്വദേശിയുമായ അനോജ് കുമാര്‍, നിലയ്ക്കല്‍ സ്വദേശിയായ സുരേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച 2018-ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിമര്‍ശനം.
നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കണം. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പോലീസുദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയെന്നും കോടതി ചൂണ്ടിക്കാട്ടി.