ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം: സത്യഭാമയ്‌ക്കെതിരേ ജാമ്യമില്ലാ കേസ്
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയില്‍ നര്‍ത്തകിയായ സത്യഭാമയ്‌ക്കെതിരേ ജാമ്യമില്ലാ കേസെടുത്തു പോലീസ്. രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചു പ്രതികരിച്ച സത്യഭാമയ്‌ക്കെതിരേ ചാലക്കുടിയില്‍ നല്‍കിയ പരാതി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യുട്യൂബ് ചാനലിനെതിരെയും നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശങ്ങൾ. ആര്‍ എല്‍ വി രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും ഒരു പുരുഷന്‍ കാലും കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുക എന്നത് അരോചകമാണെന്നും പുരുഷന്മാരിൽ തന്നെ സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമർശങ്ങൾ. അഭിമുഖത്തിന് പിന്നാലെ തന്നെ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരേ ഫേസ്ബുക്ക് കുറിപ്പിലൂടെ രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു, തുടർന്ന് വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി ഡിവൈഎസ്പിക്ക് പരാതിയും നൽകിയിരുന്നു.
''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്നുപറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,'' എന്നായിരുന്നു സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–വർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അടുത്ത പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപി എസ് ദാർവേഷ് സാഹിബിന് നൽകിയ നിർദേശത്തിൽ കമ്മീഷൻ അവശ്യപ്പെട്ടത്.
സത്യഭാമയുടെ പരാമർശം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിച്ചത്. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി നിരവധി പേരാണ് സത്യഭാമയ്ക്കെതിരെയും ആർഎല്‍വി രാമകൃഷ്ണനെ പിന്തുണച്ചും രംഗത്തെത്തിയത്. നൃത്ത - കലാ രംഗത്ത് നിന്നുള്ള പല പ്രമുഖരും സത്യഭാമയുടെ പരാമർശത്തെ അപലപിച്ച് രാമകൃഷ്‌ണന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ കേരളം കലാമണ്ഡലവും സത്യഭാമയെ തള്ളിയിരുന്നു. സംഭവത്തിന് പിന്നാലെ കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാമെന്ന നിർണായക തീരുമാനവും കലാമണ്ഡലം ഭരണസമിതി തീരുമാനിച്ചിരുന്നു.