മഹാരാജാസിൽ അധ്യാപകനെ വിദ്യാർഥികൾ അവഹേളിച്ച സംഭവം: പോലീസ് വിവരങ്ങൾ ശേഖരിച്ചു, ആഭ്യന്തര സമിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം
എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ അപമാനിച്ച സംഭവത്തിൽ കോളേജിന്റെ ആഭ്യന്തര സമിതി അന്വേഷണം തുടങ്ങി. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. സുജ ടി വി കൺവീനറായ മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിക്കുന്നത്. ഏഴു ദിവസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം വിഷയത്തിൽ പോലീസ് ഇന്ന് കോളേജിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. കൊച്ചി സെൻട്രൽ പോലീസ് കോളേജിലെത്തി അധ്യാപകൻ പ്രിയേഷിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിൽ അധ്യാപകന്റെ പരാതി പോലീസിന് കൈമാറാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു.
മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലായിരുന്നു സംഭവം. പ്രിയേഷ് ക്ലാസെടുത്തുകൊണ്ടിരിക്കെ ഒരു വിദ്യാർഥി അദ്ദേഹത്തിന്റെ പുറകിൽനിൽക്കുന്നതും മറ്റു ചിലർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ക്ലാസ്സിലെ മറ്റ് കുട്ടികൾ ഇൻസ്റ്റാഗ്രാമിലൂടെ റീൽസായാണ് വീഡിയോ പങ്കുവച്ചത്.
അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ കെഎസ്‌യു യുണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ ഉൾപ്പടെ ആറ് പേരെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ ഇനി തുടർ നടപടികൾ ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ് അറിയിച്ചു.
വിദ്യാർഥികൾക്ക് അവബോധമില്ലാതെ പോയത് അപലപനീയനമാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരിച്ചത്. അനുകമ്പയല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.