എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.
പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി നടത്തിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തി ദിവ്യ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. നവീൻ ബാബുവിനെ പൊതുസഭയിൽ അവഹേളിച്ചതാണ് ആത്‌മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് കാരണം പി പി ദിവ്യയുടെ ആരോപണമാണെന്ന് ഉന്നയിച്ച് സിപിഎം വനിതാ നേതാവിനെതിരെ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
നവീൻ ബാബുവിൻറെ മരണത്തിൽ പി പി ദിവ്യയെ തള്ളി സിപിഎമ്മും രംഗത്തുവന്നിരുന്നു. ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ജില്ലാകമ്മിറ്റി ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.
അതിനിടെ, കണ്ണൂർ പൊലീസ് പത്തനംതിട്ടയിലെത്തി എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു. നവീൻ ബാബുവിന്റെ ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്കാണ്. മലയാലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമാകും ചടങ്ങുകൾ നടക്കുക.