ഭരണഘടനാ വിരുദ്ധ പരാമർശം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്
ഭരണഘടനയ്ക്കെതിരായ മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. പരാതിക്കാരനായ അഡ്വ.ബൈജു നോയലിന് അന്വേഷണം അവസാനിപ്പിക്കുന്നെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കി.
പോലീസ് കേസ് അവസാനിപ്പിച്ചാലും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരൻ
തുടക്കം മുതല്‍ കേസില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പരാതിക്കാരന്റെ പ്രതികരണം. സജി ചെറിയാനെ ചോദ്യം ചെയ്യാനോ ശബ്ദ സാമ്പിള്‍ പരിശോധിക്കാനോ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ പോലീസ് ഈ ഘട്ടം വരെ തയ്യാറായിട്ടില്ല. വീഡിയോ ഉള്‍പ്പെടെ ഉണ്ടായിട്ടും പോലീസ് ശാസ്ത്രീയ തെളിവ് ശേഖരിച്ചില്ലെന്നാണ് ആക്ഷേപം.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം
ഡിജിപിക്കും പരാതി നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചത് കൊണ്ടാണ് യാതൊരു തരത്തിലുള്ള പുരോഗതിയും ഉണ്ടാകാതിരുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. പോലീസ് ഈ കേസ് അവസാനിപ്പിച്ചാലും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബൈജു നോയല്‍ വ്യക്തമാക്കി.
ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു. വിവാദം കടുത്തതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.