സിദ്ദിഖിനെ കണ്ടെത്താനാകാതെ പോലീസ്; മുന്‍കൂര്‍ ജാമ്യത്തിനായി നടന്‍ സുപ്രീം കോടതിയിലേക്ക്, തടസഹര്‍ജിയുമായി സംസ്ഥാന സർക്കാരും അതിജീവിതയും
ലൈംഗികാതിക്രമക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെ കണ്ടെത്താനാകാതെ പോലീസ്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘം നടനായി തിരച്ചില്‍ നടത്തുന്നത്. എന്നാല്‍, സിദ്ദിഖ് എവിടെയെന്നതിന്റെ സൂചന പോലീസിനു ലഭിച്ചിട്ടില്ല. നടന്‍ കേരളം വിടാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിദ്ദിഖ് സുപ്രീം കോടതിയിയെ സമീപിക്കുകയാണ്. അതിനാല്‍, സുപ്രീംകോടതി നിലപാട് അറിയുംവരെ ഒളിവില്‍ തുടരാനാണ് സിദ്ദിഖ് ശ്രമിക്കുകയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാകും സിദ്ദിഖിന് വേണ്ടി ഹാജരാകുക. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ദിഖിന് നല്‍കിയിരിക്കുന്ന നിയമോപദേശം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് സുപ്രീംകോടതി അഭിഭാഷകന് കൈമാറിയിട്ടുണ്ട്. കേസ് അടുത്ത ദിവസം തന്നെ ലിസ്റ്റ് ചെയ്യിക്കാനുള്ള തിരക്കിട്ട നീങ്ങളാണ് നടന്നുവരുന്നത്.
2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 -ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. സിദ്ദിഖിന് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറാണ്. അതുകൊണ്ടു തന്നെ തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാളത്തിലെ പല ചലച്ചിത്ര താരങ്ങള്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും സിദ്ദിഖിന് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത്. ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ സിദ്ദിഖിന് അനുകൂലമായി ശക്തമായ വാദങ്ങളായി ഉയര്‍ത്താന്‍ കഴിയുമെന്നാണ് സിദ്ദിഖിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ വിലയിരുത്തല്‍. അതേസമയം, നടന്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സർക്കാരും അതിജീവിതയും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. തന്റെ വാദംകേള്‍ക്കാതെ നടന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് തടസഹര്‍ജിയിലെ ആവശ്യം.