സിപിഎം നേതാക്കൾ കൂറുമാറിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു

സിപിഎം നേതാക്കൾ കൂറുമാറിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു

സിപിഎം പ്രാദേശിക നേതാക്കൾ കൂറുമാറിയതോടെ ഇ ചന്ദ്രശേഖരൻ എംഎല്‍എയെ ആക്രമിച്ച കേസിലെ പ്രതികളായ 12 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു
Updated on
2 min read

മുന്‍ മന്ത്രിയും സിപിഐ ദേശീയ കൗൺസിൽ അംഗവും അസിസ്റ്റന്‍റ് സെക്രട്ടറിയുമായ ഇ ചന്ദ്രശേഖരൻ എംഎല്‍എയെ ആക്രമിച്ച കേസിൽ സാക്ഷികളായ സിപിഎം നേതാക്കൾ കൂറുമാറിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സിപിഎം പ്രാദേശിക നേതാക്കൾ കൂറുമാറിയതോടെ കേസിലെ പ്രതികളായ 12 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. ബിജെപി സിപിഎം പരസ്പര ധാരണയുടെ പുറത്താണ് കൂറുമാറ്റമെന്ന് ആരോപണം ഉയർന്നതോടെ സിപിഎം വെട്ടിലായി. സിപിഎം നേതാക്കളുടെ കൂറുമാറ്റത്തിൽ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ സിപിഐ നേതൃത്വം. അതിനിടെ ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തുവെന്ന ആരോപണം തള്ളി സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തി.

2016 മെയ് 19 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ പിന്നാലെ നടന്ന വിജയാഹ്ളാദ പ്രകടനത്തിനിടെയാണ് മുൻ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ കാഞ്ഞങ്ങാട് ആക്രമണമുണ്ടായത്. ഇടതുമുന്നണിയുടെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ കല്ലേറിലും തുടർന്നുണ്ടായ കയ്യേറ്റത്തിലും ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ കയ്യോടെ ആയിരുന്നു അന്ന് അദ്ദേഹം റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ 12 പേരായിരുന്നു ആക്രമണ കേസിലെ പ്രതികൾ. വധശ്രമമടക്കം നിരവധി വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിന്‍റെ വിചാരണാ ഘട്ടത്തിൽ കൂറുമാറിയത്. ആഹ്ളാദ പ്രകടനത്തില്‍ ഇ ചന്ദ്രശേഖരന് ഒപ്പം തുറന്ന ജീപ്പില്‍ ടി കെ രവി ഉണ്ടായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ രവി കേസിൽ പതിനൊന്നാം സാക്ഷിയാണ്. പ്രതികളെ തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പ്രതികളെ അറിയാമെന്ന് പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നുമായിരുന്നു വിസ്താരത്തിനിടെ രവി കോടതിയില്‍ പറഞ്ഞത്.

ടി കെ രവി
ടി കെ രവി

സിപിഎം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും പത്താം സാക്ഷിയുമായ അനില്‍ ബങ്കളമാണ് കോടതിയില്‍ മൊഴി മാറ്റിയ മറ്റൊരു സിപിഎം നേതാവ്. സിപിഎം-ബിജെപി നേതൃത്വം ഗൂഢാലോചന നടത്തി കേസ് അട്ടിമറിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ജനുവരി 25 നായിരുന്നു കേസിൽ കോടതി വിധി പറഞ്ഞത്.

അനില്‍ ബങ്കളം
അനില്‍ ബങ്കളം

ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിനിടെ ചെറുകള്ളാറിൽ ബിജെപി പ്രവ‍ർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ സമാനമായ രീതിയിൽ കൂറുമാറ്റം ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയരുന്നത്. 2018 നവംബർ 17 ന് നടന്ന ആക്രമസംഭവത്തിൽ എട്ട് സിപിഎം പ്രാദേശിക നേതാക്കളാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഈ കേസിൽ ബിജെപി പ്രവർത്തകരായ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ അടക്കമുള്ളവരായിരുന്നു കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ കൂറുമാറിയതിനുള്ള പ്രത്യുപകാരമാണ് ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റമെന്നാണ് ആക്ഷേപം ഉയരുന്നത്.

കൂറുമാറ്റം അദ്ഭുതപ്പെടുത്തിയെന്നും സിപിഎം നേതൃത്വം ഇക്കാര്യം പരിശോധിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി സിപി ബാബു 'ദ ഫോ‍ർത്തി'നോട് പറഞ്ഞു. പരസ്പര ധാരണയുടെ പുറത്താണോ കൂറുമാറ്റമെന്ന് നേതൃത്വം പരിശോധിക്കേണ്ടതാണ്. സിപിഐ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഇടതുമുന്നണിയോഗത്തിൽ ഉൾപ്പെടെ ഇക്കാര്യം ഉയർത്തുമെന്നും സിപി ബാബു വ്യക്തമാക്കി. എന്നാൽ സിപിഎം ജില്ലാ ഘടകം ആരോപണങ്ങൾ നിഷേധിക്കുകയാണ്. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിഷയം പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ വ്യക്തമാക്കി.

സിപിഐയുടെ ആരോപണം അവരുടെ വ്യാഖ്യാനങ്ങളാണെന്നും ജനങ്ങൾ ഇക്കാര്യം വിശ്വസിക്കില്ലെന്നും മാധ്യമങ്ങൾ വിഷയം ഊതി വീർപ്പിക്കുകയാണെന്നും എം വി ബാലകൃഷ്ണൻ പറഞ്ഞു. കേസിൽ ഇടപെട്ടിട്ടില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെയും നിലപാട്. കൂറുമാറ്റകാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ജില്ലാ പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. ധാരണയുടെ അടിസ്ഥാനത്തിലാണ് കൂറുമാറ്റവും കേസ് തോൽവിയുമെന്ന് പഴി ഉയരുമ്പോൾ തന്നെ കള്ളാറിൽ ബിജെപി പ്രവർത്തകർക്ക് എതിരെ സിപിഎം നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് ഏറെ കൗതുകകരം.

logo
The Fourth
www.thefourthnews.in