പെൻഷൻ പ്രായം 65 ആക്കണം; പോളിടെക്നിക് അധ്യാപകർ ഹൈക്കോടതിയിൽ
പെൻഷൻ പ്രായം 65 ആക്കണമെന്ന ആവശ്യവുമായി പോളിടെക്നിക് അധ്യാപകർ ഹൈക്കോടതിയിൽ. പോളി ടെക്നിക്ക് അധ്യാപകരുടെ വിരമിക്കൽ കോടതിയുടെ തുടർ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിറക്കി. എഐസിടിഇ ഏഴാം ശമ്പള പരിഷ്കരണത്തിലെ നിർദേശപ്രകാരം പെൻഷൻ പ്രായം 65 ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പശ്ചിമ ബംഗാളിലടക്കം പോളിടെക്നിക് അധ്യാപകരുടെ വിരമിക്കൽ പ്രായം 65 ആണ്. കേരളത്തിൽ മാത്രം വിരമിക്കൽ 56 ആയി തുടരുകയാണന്ന് വിവിധ പോളിടെക്നിക്കുകളിലെ അധ്യാപകരായ ആറ് പേർ നൽകിയ ഹർജിയിൽ പറയുന്നു.
മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് ഹരിയാന, കർണാടക, തമിഴ്നാട് ഹൈക്കോടതികൾ പെൻഷൻ പ്രായം ഉയർത്തുന്നതിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്ത്തു. കോടതി നിർദേശമില്ലാതെയാണ് പശ്ചിമ ബംഗാൾ സർക്കാർ പെൻഷൻ പ്രായം 65 ആക്കി ഉയർത്തിയത്. മറ്റിടങ്ങളിൽ 60 വയസിന് മുകളിലാണ് പോളി ടെക്നിക് അധ്യാപകരുടെ വിരമിക്കൽ പ്രായമെന്നിരിക്കെ കേരളത്തിൽ ഇപ്പോഴും ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായം 56 ആണ് .
ഹർജിക്കാരടക്കമുള്ള പോളിടെക്നിക് അധ്യാപകരെ 65 വയസ് വരെ തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ഇടക്കാല ആവശ്യം. വിഷയത്തിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.