'ബെൽറ്റിന് തല്ലി, വിവസ്ത്രനാക്കി റാഗ് ചെയ്തു;' പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് കുടുംബം
വയനാട് പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. സിദ്ധാര്‍ഥനെ സഹപാഠികളും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. റാഗിങ് നടന്നത് കണ്ടവരുണ്ടെന്നും കോളേജ് അധികൃതരുടെയും ചില വിദ്യാര്‍ഥികളുടെയും ഭീഷണിയെ തുടര്‍ന്നാണ് സാക്ഷികളായ കുട്ടികള്‍ പോലും ഇക്കാര്യം പുറത്തുപറയതെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു
ഇതൊരു കൊലപാതകമാണെന്ന് സിദ്ധാർഥന്റെ ചില സുഹൃത്തുക്കൾ തന്നോട് പറഞ്ഞതായി പിതാവ് പ്രകാശനും ആരോപിച്ചു
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
തന്റെ മകനെ ബെൽറ്റ് കൊണ്ട് മർദിക്കുകയും വിവസ്ത്രനാക്കി റാഗ് ചെയ്യുകയും ചെയ്തുവെന്നാണ് സിദ്ധാർഥന്റെ അമ്മാവൻ ഷിബു ആരോപിക്കുന്നത്. ഇതൊരു കൊലപാതകമാണെന്ന് സിദ്ധാർഥന്റെ ചില സുഹൃത്തുക്കൾ തന്നോട് പറഞ്ഞതായി പിതാവ് പ്രകാശനും ആരോപിച്ചു.