പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അതിക്രമത്തില്‍ നടപടിയുമായി സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ റവന്യു റിക്കവറി ചെയ്യാന്‍ ലാന്‍ഡ് റെവന്യു കമ്മീഷണര്‍ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പില്‍ നിന്നും പേരുവിവരങ്ങള്‍ ലഭ്യമായാലുടന്‍ ജപ്തി നടത്തണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിനകം ജപ്തി നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജപ്തി ചെയ്ത് ലേലം നടത്തണമെന്നാണ് ഉത്തരവ്.
നഷ്ടപരിഹാരം ഈടാക്കാനുളള നടപടികളെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപെടുത്തുകയും റവന്യു റിക്കവറി നടപടികള്‍ എന്നു പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവുമായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്ന് 5.20 കോടി രൂപ ഈടാക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഇതേത്തുടര്‍ന്ന് അക്രമ സംഭവങ്ങളില്‍ നഷ്ട പരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. നഷ്ടപരിഹാരം ഈടാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് സര്‍ക്കാര്‍ നിരുപാധികം കോടതിയില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ജനുവരി 15നകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, സെപ്റ്റംബര്‍ 23ന് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്.