പോപ്പുലർ ഫ്രണ്ട് ഹർത്താൽ; 86 ലക്ഷം രൂപയുടെ പൊതുമുതൽ നഷ്ടമെന്ന് സർക്കാർ ഹൈക്കോടതിയിൽ
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ 86ലക്ഷം രൂപയുടെ പൊതുമുതൽ നഷ്ടം ഉണ്ടായതായി സർക്കാർ. ഇതുസംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. സ്വകാര്യ വ്യക്തികൾക്ക് 16ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേഥയാ എടുത്ത കേസിലാണ് സർക്കാരിന്റെ വിശദീകരണം.
ഹർത്താലിനിടെ പൊതുമുതലിനുണ്ടായ നാശം സംബന്ധിച്ച കൃത്യമായ കണക്ക് തയ്യാറാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പൊതുമുതലിനുണ്ടായ നഷ്ടം നികത്തുന്നതിന് ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് അത് ഈടാക്കുന്നതിനുള്ള നടപടി ആരംഭിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
724 പേരെയാണ് കരുതൽ തടങ്കലിൽ ആക്കിയിരുന്നത്. അക്രമമുണ്ടാക്കിയ എല്ലവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തെന്നും ബാക്കി അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. കേരളാ പോലീസുമായി സഹകരിച്ചാണ് എൻഐഎ ചില പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.