ഡോ. കിരണ്‍ ആനന്ദ്
ഡോ. കിരണ്‍ ആനന്ദ്

ഗുരുവായൂരിന് ഇനി 'വ്‌ളോഗ്-സ്റ്റാര്‍' മേല്‍ശാന്തി

പുതിയ മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ് നവ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ വ്‌ളോഗറും ഗായകനും
Updated on
2 min read

നവ മാധ്യമങ്ങളിലെ താരമാണ് പുതിയ ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തി. ഇന്ന് ഉച്ചപൂജക്ക് ശേഷം നടത്തിയ നറുക്കെടുപ്പില്‍ അടുത്ത ആറു മാസത്തെ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത് ഗുരുവായൂര്‍ സ്വദേശിയായ 34-കാരന്‍ ഡോ കിരണ്‍ ആനന്ദ് കക്കാട് ആണ്. ആയുര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്.

ആയുര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്.

പുതിയ മേല്‍ശാന്തിയായി സെപ്തംബര്‍ മുപ്പതിന് കിരണ്‍ ചുമതലയേല്‍ക്കും. അതിന് മുന്‍പ് 12 ദിവസം അമ്പലത്തില്‍ ഭജനം ഇരിക്കും. യാത്രാ വിവരങ്ങള്‍, കലാ നിരൂപണം, സാങ്കേതിക വിദ്യയിലെ പുതുമകള്‍, ആരോഗ്യ വാര്‍ത്തകള്‍ എന്നിവ സംയോജിപ്പിക്കുന്ന ഹാര്‍ട്ട് ഡുവോസ് എന്ന യൂട്ടൂബ് ചാനല്‍ കിരണ്‍ ആനന്ദും ഭാര്യ ഡോ. മാനസി കക്കാടും ചേര്‍ന്നാണ് നടത്തുന്നത് . പല രാജ്യങ്ങളിലായി നടത്തിയ യാത്രകളുടെ വിശേഷങ്ങളാണ് ഹാര്‍ട്ട് ഡുവോസിലൂടെ കിരണ്‍ പങ്കുവെച്ചിച്ചുള്ളത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതിമാരുടെ താല്പര്യം സംഗീതവും നൃത്തവും വ്ളോഗിങ്ങുമെല്ലാണ് .

ഡോ. കിരണ്‍ ആനന്ദ്
ഡോ. കിരണ്‍ ആനന്ദ്

2011 മുതല്‍ ആയുര്‍വേദ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന കിരണ്‍ ആനന്ദ് നാട്ടില്‍ കുറച്ചുകാലം ജോലി ചെയ്തിന് ശേഷം 2015 ല്‍ റഷ്യയിലെ മോസ്‌കോയിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ വച്ചാണ് ഗായകന്‍ കൂടിയായ കിരണ്‍ വ്ളോഗിങ്ങിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കിരണും സുഹൃത്തും ചേര്‍ന്ന് ഹാപ്പി ഫിസ്സ് എന്നപേരില്‍ മറ്റൊരു യൂടൂബ് ചാനലും നടത്തുന്നുണ്ട്. സംഗീതത്തിനുമാത്രമായൊരു ചാനലായാണ് അത് തുടങ്ങിയത്. '2015 ല്‍ ഞാനും ഭാര്യയുമൊന്നിച്ചാണ് റഷ്യയിലേക്ക് പോയത് അവിടെയുള്ള പുതിയ രീതികളും കാലാവസ്ഥയും യാത്രകളുമെല്ലാമാണ് വ്ളോഗിങ്ങിലേക്ക് ചുവടു വയ്ക്കാന്‍ കാരണമായത്. അങ്ങനെയാണ് യാത്രകളും അനുഭവങ്ങളും എല്ലാം ചേര്‍ത്ത് ഹാര്‍ട്ട് ഡുവോസ് എന്ന പേരില്‍ യൂടൂബ് ചാനല്‍ തുടങ്ങിയത്,' കിരണ്‍ ആനന്ദ് ഫോര്‍ത്തിനോട് പറഞ്ഞു.

ഡോ. കിരണ്‍ ആനന്ദ്
ഡോ. കിരണ്‍ ആനന്ദ്

'മുന്‍പുള്ളത് പോലെയല്ല, ഗൂരുവായൂരപ്പന്റെ അടുത്തുനില്‍ക്കുന്ന വ്യക്തി എന്ന രീതിയില്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ചുമതലയ്ക്കനുസരിച്ച് രീതികളില്‍ മാറ്റമുണ്ടാകും,' കിരണ്‍ പറഞ്ഞു. മേല്‍ശാന്തിയായി സേവനം ചെയ്യുമ്പോഴും ഒഴിവു സമയങ്ങളില്‍ സംഗീതത്തിനായി സമയം കണ്ടെത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 'വ്ളോഗര്‍ എന്ന നിലയിലൊന്നും തുടങ്ങിയതായിരുന്നില്ല യൂടുബ് ചാനല്‍; രാജ്യത്തിനു പുറത്ത് പോയപ്പോള്‍ കിട്ടിയ ഒഴിവു സമയത്ത് ആരംഭിച്ചതാണത്. ഇപ്പോഴും പാട്ടും മൃദംഗവുമെല്ലാം അഭ്യസിക്കുന്നുണ്ട്,' വ്ളോഗ് തുടരുമോ എന്ന ചോദ്യത്തിന് കിരണ്‍ മറുപടി നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യമായി അവകാശമുള്ള നാല് കുടുംബങ്ങളില്‍ ഒന്നാണ് ഡോ കിരണ്‍ ആനന്ദിന്റേത.് കക്കാട്, മുന്നൂലം, പഴയം, കൊട്ടക്കുഴി എന്നീ തറവാടുകള്‍ക്കാണ് പാരമ്പര്യമായി അവകാശമുള്ളത് . ഗുരുവായൂര്‍ മേല്‍ശാന്തിയെ കൂടാതെ ഈ മൂന്ന് ഇല്ലങ്ങളിലെ ആരെങ്കിലും ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍ബന്ധമായും പൂജയ്ക്ക് ഉണ്ടായിരിക്കണം. ആ കുടുംബത്തിലുള്ളവര്‍ക്കും പിന്നെ പ്രത്യേക ഗോത്രത്തിലുള്ളവര്‍ക്കുമാണ് മേല്‍ ശാന്തിയ്ക്കുള്ള അപേക്ഷ നല്‍കാനുള്ള അവകാശം. അവരില്‍ നിന്ന് അഭിമുഖത്തിന്റേയും നറുക്കെടുപ്പിന്റേയും ഭാഗമായാണ് പുതിയ തന്ത്രിയെ തിരഞ്ഞെടുക്കുക.

logo
The Fourth
www.thefourthnews.in