ബോംബ് സ്ഫോടനങ്ങള്‍: കേരള പോലീസിന്റെ ആര്‍ജവവും പൊതുജനസുരക്ഷയും ചോദ്യം ചെയ്യപ്പെടരുത്; വിമര്‍ശനവുമായി എഡിജിപി
തിരുവനന്തപുരത്ത് മണ്ണന്തലയിലും കണ്ണൂര്‍ പാനൂരിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത കര്‍ശനമാക്കുന്നു. തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടക്കാനിരിക്കെ ക്രമസമാധാന നില ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. പോലീസ് സേനയുടെ നടപടികളില്‍ വീഴ്ച പറ്റിയെന്നു പറഞ്ഞുകൊണ്ട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും പരിശോധന നടത്തണം. മുന്‍പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ് നിര്‍മാണത്തിന് സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനമാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം.
തുടരെ രണ്ട് സ്‌ഫോടന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനവും എഡിജിപിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് എഡിജിപി ചൂണ്ടിക്കാട്ടുന്നത്. സ്‌ഫോടന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തെളിവു ശേഖരണത്തില്‍ ഉള്‍പ്പെടെ വീഴ്ചയുണ്ടായി. ഇത്തരം നടപടികള്‍ സംസ്ഥാന പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും പൊതു സുക്ഷയ്ക്ക് ഭീഷണിയുമാണെന്നും എഡിജിപി സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.
ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ പാലിക്കേണ്ട പ്രത്യേക നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അവ കേവലം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാത്രമല്ല, ദേശീയ സുരക്ഷയ്ക്ക് പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ള സംഭവങ്ങളോട് വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കുന്നതിന് രൂപകല്പന ചെയ്ത നിര്‍ണായക രൂപരേഖയാണ്. ഈ നടപടിക്രമങ്ങളില്‍നിന്നുള്ള ഏതെങ്കിലും വ്യതിയാനം, നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനും സാഹചര്യം കൃത്യമായി വിശകലനം ചെയ്യാനും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമുള്ള അന്വേഷണ ഏജന്‍സിയുടെ കഴിവിനെ തകിടം മറിക്കുന്നുവെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.