കേരളം വ്യവസായ സൗഹൃദമല്ല, ഏഴ് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പേര്‍ വിട്ടുപോകും: പ്രകാശ് ജാവദേക്കർ

കേരളം വ്യവസായ സൗഹൃദമല്ല, ഏഴ് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പേര്‍ വിട്ടുപോകും: പ്രകാശ് ജാവദേക്കർ

നിക്ഷേപ വിരുദ്ധനയങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുകയാണെങ്കില്‍ കേരളം വൻതിരിച്ചടി നേരിടുമെന്ന് കേന്ദ്രമന്ത്രി
Updated on
2 min read

സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കര്‍. എല്‍ഡിഎഫ്, യുഎസ്എഫ് സര്‍ക്കാരുകളുടെ സൗഹൃദപരമല്ലാത്ത ബിസിനസ് നയങ്ങളാണ് ഇതിനുകാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് പ്രകാശ് ജാവ്‌ദേക്കറിന്റെ വിമർശനം.

കേരളത്തിലെ യുവതീയുവാക്കള്‍ തൊഴിലന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോവുകയാണെന്നും സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം പരാജയപ്പെട്ടുവെന്ന് കണക്കുകളും സംഭവങ്ങളും നിരത്തിക്കൊണ്ട് ജാവ്‌ദേക്കര്‍ പറഞ്ഞു. കുമരകത്ത് ബസുടമ രാജ്‌മോഹന് നേരെയുള്ള ആക്രമണം, കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്‌ക്കെതിരെയുണ്ടായ അതിക്രമം എന്നിവയിൽ സര്‍ക്കാര്‍ നടപടിയെടുക്കണം.

വ്യവസായരംഗത്ത് 0.5 ശതമാനം മാത്രമാണ് കേരളത്തിന് ലഭിക്കുന്ന എഫ്ഡിഐ ഇന്‍വെസ്റ്റ്‌മെന്റ്. ബിആർഎപി റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം പിന്നിലാണ്. ഈ സാഹചര്യത്തില്‍ ഏത് പുതിയ നിക്ഷേപകന്‍ വരും? കിറ്റെക്സ് ടെക്സ്റ്റൈല്‍ കേരളത്തില്‍നിന്ന് തെലങ്കാനയിലേക്ക് മാറ്റി, ബിഎംഡബ്ല്യു കാര്‍നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിട്ടതിനെ തുടക്കത്തില്‍ തന്നെ എതിര്‍ത്തു. 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കൊച്ചിയിലെ ഐടി പാര്‍ക്ക് 3000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചത്.

നേരത്തെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിയറ്റ് , ഇലക്ട്രോ സ്റ്റീല്‍ തുടങ്ങി നിരവധി കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ഉപേക്ഷിച്ചു. ഈ കമ്പനികളിലൊക്കെ തന്നെ കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ജോലി ചെയ്യുന്നുവെന്നതാണ് വിരോധാഭാസമെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

ഇത്തരം നിക്ഷേപ വിരുദ്ധ നയങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുകയാണെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പേര്‍ കേരളം വിട്ടുപോകും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഉയര്‍ന്ന നികുതി, സ്വകാര്യ വ്യവസായത്തോടുള്ള ശത്രുതാപരമായ മനോഭാവം, യൂണിയനുകളില്‍നിന്നുള്ള ഭീഷണികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കേരളത്തിന് തിരിച്ചടിയെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ നിര്‍മിതിയല്ല. ഭരണഘടനയിലെ അനുച്ഛേദം 44 പ്രകാരമാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്നത്. ഇത് ഒരു മതപ്രശ്‌നമല്ലെന്നും തുല്യ അവകാശങ്ങളുടെ വിഷയമാണെന്നും ഡോ. ബാബാസാഹേബ് അംബേദ്കര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും മറ്റ് ചില പാര്‍ട്ടികളും ഏകീകൃത സിവില്‍കോഡ് എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

സിപിഎമ്മും സിപിഐയും നേരത്തെ ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ള ഈ സിവില്‍ നിയമം മതപരമായ പ്രശ്നമല്ല, മറിച്ച് സ്ത്രീകളുടെ അവകാശത്തിന്റെയും അന്തസ്സിന്റെയും നീതിയുടെയും പ്രശ്നമാണ്.

ഇന്ത്യയില്‍, ഗോവയിലും പുതുച്ചേരിയിലും ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മതങ്ങള്‍ യാതൊരു പരാതിയുമില്ലാതെ ആചരിക്കുന്നു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് സ്ത്രീകള്‍ക്ക് അവകാശങ്ങളും അന്തസ്സും ലഭിക്കാന്‍ രാഷ്ട്രീയം കളിക്കുന്ന ഈ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ലെന്നും ജാവ്‌ദേക്കര്‍ കുറ്റപ്പെടുത്തി.

ജൂലൈ14 വരെ നിയമ കമ്മീഷന്‍ പൊതുജനങ്ങളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പൗരന്മാര്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ഇത്രയും ജനാധിപത്യപരമായി കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുമ്പോള്‍ നിയമത്തിന്റെ കരട് രേഖ പോലും അവതരിപ്പിക്കും മുന്‍പ് തന്നെ ജനങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in