പ്രണയ് ദത്തയുടെ  സൃഷ്ടികള്‍
പ്രണയ് ദത്തയുടെ സൃഷ്ടികള്‍

യുദ്ധത്തിലും കാലാവസ്ഥാമാറ്റത്തിലും ആകുലപ്പെട്ട് ബിനാലെയിലെ ഏറ്റവും പ്രായകുറഞ്ഞ കലാകാരന്‍ പ്രണയ് ദത്ത

'ഡേ സീറോ' , 'നേതി' എന്നിങ്ങനെ രണ്ട് സൃഷ്ടികളാണ് ഈ 28കാരന്റേതായി ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനത്തിലുള്ളത്
Updated on
2 min read

യുദ്ധത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചൊല്ലി ആകുലപ്പെടുകയാണ് കൊച്ചി ബിനാലെയില്‍ പ്രണയ് ദത്തയുടെ കലാവതരണങ്ങള്‍. 'ഡേ സീറോ' , 'നേതി' എന്നിങ്ങനെ രണ്ട് സൃഷ്ടികളാണ് ഈ 28 കാരന്റേതായി ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനത്തില്‍ ഉള്ളത്. ഷുബിഗി റാവു ക്യൂറേറ്റ് ചെയ്ത ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് കൊല്‍ക്കത്ത സ്വദേശിയായ പ്രണയ് ദത്ത. വീഡിയോ ദൃശ്യങ്ങളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബിംബങ്ങളിലൂടെയാണ് പ്രണയ് ദത്ത പ്രമേയം പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നത്.

സ്‌ക്രീനിന്റെ വിന്യാസവും ശബ്ദത്തിന്റെ സൂക്ഷമ മിശ്രണവും സംവേദനത്തിന് തന്മയത്വം നല്‍കുന്നു. കംപ്യൂട്ടറില്‍ ആവിഷ്‌കരിച്ച ബിംബങ്ങള്‍ സമകാലീന ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ ഭാവനാത്മകമായ ഭാവിയിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ട് പോവുകയാണ്. തന്റെ ആശയങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കംപ്യൂട്ടറാണ് ഏറ്റവും അനുയോജ്യമായതെന്നാണ് പ്രണയ് ദത്ത പറയുന്നത്.

ജലം നിലനില്‍പ്പിന്റെ ഇന്ധനവും ഭാവിയിലേക്കുള്ള സമ്പാദ്യവുമായി തീരുന്നതെങ്ങനെയെന്ന് ചലച്ചിത്രാത്മകമായി വിശദീകരിക്കുകയാണ് 'ഡേ സീറോ' എന്ന ചിത്രം. 2018ല്‍ ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ്ടൗണിലും 2019ല്‍ ചെന്നൈയിലും നടന്ന ചില സംഭവങ്ങളാണ് ഇത്തരമൊരു സൃഷ്ടിയുടെ പ്രേരണ എന്നാണ് പ്രണയ് പറയുന്നത്. ആ വര്‍ഷങ്ങളില്‍ ഇരു നഗരങ്ങളിലും കടുത്ത ജലക്ഷാമം ഉണ്ടായി, വെള്ളമില്ലാത്ത ആ ദിനങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായതയോടെ സാക്ഷ്യം വഹിക്കാനേ ജനങ്ങള്‍ക്ക് കഴിഞ്ഞുള്ളു. ജലസംഭരണികള്‍ വറ്റിവരണ്ടു പോയപ്പോള്‍ വെള്ളത്തിന്റെ അവകാശം പ്രബലര്‍ക്ക് മാത്രമായി നിയന്ത്രിക്കപ്പെട്ടു. പ്രകൃതിയുടെ ഭാഗമായി അധികാരശ്രേണിയും ബലതന്ത്രവും രൂപപ്പെടുന്നത് പ്രത്യക്ഷമായി തിരിച്ചറിഞ്ഞു തുടങ്ങി. ഇത്തരം ചിന്തകളും അതിലൂടെ നടത്തിയ അന്വേഷണങ്ങളുമാണ് 'ഡേ സീറോ' എന്ന കലാവതരണമായത്.

മള്‍ട്ടിമീഡിയ പ്രതിഷ്ഠാപനങ്ങൾ (ഇൻസ്റ്റലേഷനുകൾ)ക്കു പുറമെ ഫോട്ടോഗ്രാഫില്‍ ആക്രിലിക് ഉപയോഗിച്ച പ്രണയ് ദത്തയുടെ സൃഷ്ടികളും ഊഷര ലോകത്തിന്റെ ആഖ്യാനം തന്നെ. യഥാര്‍ത്ഥ ജീവിതഘടകങ്ങളുടെ അപനിര്‍മ്മിതികളെ വിളക്കിച്ചേര്‍ത്ത് ഒരു മുന്നറിയിപ്പെന്ന പോലെ നിലകൊള്ളുകയാണ് പ്രണയ് ദത്തയുടെ സൃഷ്ടികള്‍. നാശോന്മുഖവും, അരാജക മനോതലങ്ങള്‍ക്ക് കലാവിഷ്‌കാരം നല്‍കുന്നതിന് പ്രാമുഖ്യം കൊടുക്കുന്നതുമായ പ്രണയ് ദത്തയുടെ സൃഷ്ടികള്‍ ഭീതിതവും അസ്ഥികളെപ്പോലും മരവിപ്പിക്കുന്നതുമാണ്.

logo
The Fourth
www.thefourthnews.in