ആറ്റുകാൽ പൊങ്കാല നാളെ; ഒരുക്കങ്ങൾ പൂർത്തിയായി; നഗരത്തിൽ ഗതാഗത നിയന്ത്രണം
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ നാളെ പൊങ്കാല അടുപ്പുകൾ നിറയും. ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റും കോർപ്പറേഷനും അറിയിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് ആറ്റുകാൽ പൊങ്കാല പൂർണതോതിൽ നടക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തുക.
രാവിലെ 10മണിക്ക് ശുദ്ധ പുണ്യാഹത്തോടെ പൊങ്കല സമര്‍പണ ചടങ്ങിന് തുടക്കമാകും. 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളില്‍ അഗ്നി പകര്‍ന്ന ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. ഉച്ചയ്ക്ക് ശേഷം 2.30നാണ് നിവേദ്യം. പൊങ്കാല നിവേദ്യത്തിന് ഇത്തവണ 300 ശാന്തിക്കാരെ ശാന്തിക്കാരെ ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. ഇത്തവണ പൊങ്കാലയടുപ്പ് കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിക്ക് ഉപയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമാവുക. പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. 300 സേനാ അംഗങ്ങളെയാണ് അഗ്നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വളണ്ടിയർമാരും അണിനിരക്കും.
പൊങ്കാല സമയത്ത് പ്രദേശങ്ങളിലെ പെട്രോൾ പമ്പ്, ഗ്യാസ് ഗോഡൗൺ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ട്രാൻസ്ഫോർമറുകൾക്ക് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പും നിയോഗിച്ചിട്ടുണ്ട്. പൊങ്കാല ദിവസം 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൊങ്കാലയോടനുബന്ധിച്ച് എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 12 ട്രെയിനുകൾക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. നാല് ട്രെയിനുകൾക്കായി 14 അധിക കോച്ചും ദക്ഷിണ റെയിൽവേ ഒരുക്കിയിട്ടുണ്ട്.