രണ്ട് ദിവസത്തെ  സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ ഗതാഗത നിയന്ത്രണം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ; കൊച്ചിയിൽ ഗതാഗത നിയന്ത്രണം

18ന് രാവിലെ കന്യാകുമാരിയിലേക്ക് പോകുന്ന രാഷ്‌ട്രപതി ഉച്ചയോടെ കേരള സന്ദർശനം അവസാനിപ്പിച്ച് ലക്ഷദ്വീപിലേക്ക് തിരിക്കും
Updated on
1 min read

രാഷ്‌ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ആറ് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് കേരളത്തിൽ എത്തുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ആണ് ഐഎൻഎസ് വിക്രാന്ത്. തുടർന്ന് നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘നിഷാൻ’ സമ്മാനിക്കും.

കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്

വെള്ളിയാഴ്ച രാഷ്ട്രപതി കൊല്ലത്തെ അമൃതാനന്ദമയി മഠം സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരത്ത് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴരയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. മുഖ്യമന്ത്രി, ഭാര്യ കമല, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡി ജി പി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ അടക്കം 40 പേർ വിരുന്നിൽ പങ്കെടുക്കും.

18ന് രാവിലെ കന്യാകുമാരിയിലേക്ക് പോകുന്ന രാഷ്‌ട്രപതി ഉച്ചയോടെ കേരള സന്ദർശനം അവസാനിപ്പിച്ച് ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21 ന് തിരിച്ച് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും. കുടുംബാംഗങ്ങളടക്കം 8 പേർ ആണ് രാഷ്ട്രപതിയുടെ സംഘത്തിലുണ്ടാവുക.

രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാഷ്ട്രപതി കൊച്ചിയിൽ എത്തുന്ന സമയം അനുസരിച്ച് വിമാനത്താവളത്തിലും നിയന്ത്രണങ്ങളുണ്ട്.

logo
The Fourth
www.thefourthnews.in