വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം; ഒന്നാംപ്രതി പോലീസ് കസ്റ്റഡിയിൽ
വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി അഖിൽ പോലീസ് കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പോലീസ്. ഒന്നാം വർഷ വിദ്യാർഥിയാണ് അഖിൽ കെ. റാഗിങ്ങ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോളേജ് സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 11 പേർ ഒളിവിലാണെന്നും പോലീസ് ദ ഫോർത്തിനോട് പ്രതികരിച്ചു.
കോളേജിൽ ആൾക്കൂട്ട വിചാരണ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവ് വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോടെ അല്ല നടന്നത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. പ്രധാനപ്രതി കെ അഖിലിനെ പിടികൂടിയത് പാലക്കാടുനിന്നാണെന്നും ഡിവൈഎസ്പി പറഞ്ഞു. വയനാടുനിന്നുള്ള സംഘമാണ് അഖിലിനെ പാലക്കാടുനിന്ന് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ പ്രതിപട്ടികയിലുള്ള 11 പേർ ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതിസ്ഥാനത്തുള്ള നാല് എസ്എഫ്ഐ പ്രവർത്തകരെ പുറത്താക്കിയതായി പാർട്ടിയുടെ സംസ്ഥാന നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ക്യാമ്പസുകളിൽ എന്തിൻ്റെ പേരിലായാലും ഒരു വിദ്യാർഥി ആക്രമിക്കപ്പെടുന്നതും, ആത്മഹത്യ ചെയ്യുന്നതുമെല്ലാം ദൗർഭാഗ്യകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
എസ്എഫ്ഐ കോളേജ് ക്യാമ്പസുകളിൽ കോടതി നടത്തുകയാണെന്നും അതവസാനിപ്പിക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ കോടതികൾ നടത്തുന്ന സംഘടനയല്ല എസ്എഫ്ഐ എന്ന് ആർഷോ ദ ഫോർത്തിനോട് പ്രതികരിച്ചു.
കേസിൽ കഴിഞ്ഞ ദിവസം ആറ് വിദ്യാർഥികളെ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് പുറമെയുള്ള ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി അഭിഷേക് എസ് ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്.
സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനെതിരെയും വിമർശനങ്ങളുണ്ട്. കോളേജ് ഡീൻ ഉൾപ്പെടെ പ്രതികളെ സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഫെബ്രുവരി 15ന് വീട്ടിലേക്ക് യാത്ര തിരിച്ച സിദ്ധാർത്ഥനെ പാതിവഴിയിൽ വച്ച് കോളേജിലേക്ക് തിരികെ വിളിച്ച ശേഷമായിരുന്നു റാഗിങ്ങ്. ക്യാമ്പസിനുള്ളിൽ വച്ച് വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും ബെൽറ്റും വയറും ഉപയോഗിച്ച് മർദിച്ചുവെന്നും സിദ്ധാർത്ഥ ന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.