താനൂര്‍ ബോട്ടപകടം; പ്രധാനമന്ത്രി അനുശോചിച്ചു, രണ്ടു ലക്ഷം ധനസഹായം

താനൂര്‍ ബോട്ടപകടം; പ്രധാനമന്ത്രി അനുശോചിച്ചു, രണ്ടു ലക്ഷം ധനസഹായം

സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പരിപാടികള്‍ എല്ലാം റദ്ദാക്കി.
Updated on
1 min read

മലപ്പുറം താനൂര്‍ ഒട്ടുംപുറം ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദുരന്തവാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്നും മരിച്ചവരുടെ കുടംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പരിപാടികള്‍ എല്ലാം റദ്ദാക്കി. മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സംഭവസ്ഥലം സന്ദര്‍ശിക്കും.

അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണിതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒട്ടുമ്പ്രം തൂവല്‍ തീരത്താണ് അപകടം സംഭവിച്ചത്. ബോട്ടില്‍ നാൽപതിലധികം പേർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ആഴം കൂടുതലുള്ള സ്ഥലത്താണ് ബോട്ട് മുങ്ങിയത്. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു രക്ഷാദൗത്യം നടത്തിവരികയാണ്.

ബോട്ടിൽ കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് ആളുകളെ ബോട്ടിൽ കയറ്റിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുമണിവരെയാണ് ബോട്ട സര്‍വീസ് നടത്താനുള്ള അനുമതി. എന്നാല്‍ അത് പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തുന്നത് . കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in