പ്രധാനമന്ത്രി കൊച്ചിയില്‍; മെട്രോയുടെ പുതിയ പാത ഉദ്ഘാടനം ഇന്ന്; ഐഎന്‍എസ് വിക്രാന്ത് നാളെ കൈമാറും
രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി വെള്ളിയാഴ്ച നാവിക സേനയ്ക്ക് കൈമാറും.
വൈകിട്ട് 4.25ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തെ ബിജെപി പൊതുയോഗത്തില്‍ പങ്കെടുക്കും. ശേഷം കാലടി ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തും. വൈകിട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഉദ്ഘാടനമാണ് ഇതില്‍ പ്രധാനം. കലൂർ മുതല്‍ ഇന്‍ഫോപാർക്ക് വരെയാണ് പുതിയ പാത. പേട്ട-എന്‍ എന്‍ ജംഗ്ഷന്‍ പാതയും തുറന്നുനല്‍കും. തുടർന്ന് കൊച്ചി താജ് മലബാറില്‍ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 9.30നാണ് പ്രധാനമന്ത്രി കൊച്ചിന്‍ ഷിപ്‍യാർഡില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നത്. പുതിയ നാവിക പതാകയും അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം, വൈറ്റ്‍ല, കുണ്ടന്നൂർ, ഫെറി ജംഗ്ഷന്‍, തേവര, രവിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് വരെ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അത്താണി എയർപോർട്ട് ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂർ ജംഗ്ഷന്‍ വരെയാണ് നിയന്ത്രണം.