'സ്വകാര്യതയിൽ കടന്നുകയറാനാവില്ല';
അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

'സ്വകാര്യതയിൽ കടന്നുകയറാനാവില്ല'; അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

റോഡരികില്‍നിന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് പോലീസ് അറസ്റ്റ് ചെയ്തയാള്‍ക്കെതിരായ ക്രിമിനല്‍ നടപടികൾ റദ്ദാക്കി
Updated on
1 min read

മൊബൈല്‍ ഫോണില്‍ അടക്കം അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. റോഡരികില്‍നിന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് പോലീസ് അറസ്റ്റ് ചെയ്തയാള്‍ക്കെതിരായ ക്രിമിനല്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. അശ്ലീല വീഡിയോകള്‍ കാണുന്നത് വ്യക്തിയുടെ സ്വകാര്യതയാണെന്നും സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഫോണില്‍ അശ്ലീല ഫോട്ടോകളോ വീഡിയോകള്‍ സൂക്ഷിച്ച് സ്വകാര്യമായി കാണുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റമായി കണക്കാക്കില്ല. ഇത് വ്യക്തിയുടെ സ്വകാര്യ തിരഞ്ഞെടുപ്പാണ്. കോടതിക്ക് വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഒരാള്‍ തന്റെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ മറ്റുള്ളവര്‍ക്ക് കാണിക്കാതെ സ്വയം കാണുന്നത് കുറ്റകൃത്യമായി കണക്കാക്കാന്‍ കോടതിക്ക് കഴിയില്ല. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നും കോടതി വ്യക്തമാക്കി.

'സ്വകാര്യതയിൽ കടന്നുകയറാനാവില്ല';
അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട്? കോടതിയിൽ ചോദ്യങ്ങളുമായി ഗ്രോ വാസു

അശ്ലീല വീഡിയോ അല്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കാനോ വിതരണം ചെയ്യാനോ പരസ്യമായി പ്രദര്‍ശിപ്പിക്കാനോ ശ്രമിക്കുകയാണെങ്കില്‍ സെക്ഷന്‍ 292 ഐപിസി പ്രകാരമുള്ള കുറ്റം ചുമത്താം. അശ്ലീല വീഡിയോ കൈവശം വച്ചതിന് തനിക്കെതിരെ എടുത്ത കേസ് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി കറുകുറ്റി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ആലുവയിൽ രാത്രി റോഡരികിൽനിന്ന് അശ്ലീല വീഡിയോ കാണുകയായിരുന്ന ഹർജിക്കാരനെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് പിടികൂടുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിലെ അപകടത്തെക്കുറിച്ച് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ രക്ഷിതാക്കള്‍ക്ക് കോടതിയുത്തരവിലൂടെ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ എളുപ്പത്തില്‍ കുട്ടികളിലെത്തുകയും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടികാട്ടി. മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനുപകരം കുട്ടികളെ വിജ്ഞാനപ്രദമായ വാര്‍ത്തകളും വീഡിയോകളും കാണിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിലൂടെ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിനുപകരം, കുട്ടികള്‍ അവരുടെ അമ്മ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കട്ടെ. കുട്ടികളെ കളിസ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കണം. ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.

ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയോ സ്വകാര്യതയില്‍ അശ്ലീല വീഡിയോ കാണുന്നതോ രാജ്യത്ത് കുറ്റകരമല്ല. അശ്ലീലതയുടെ വില്‍പ്പന, വിതരണം, പ്രചാരം എന്നിവയാണ് ഐപിസി 292 പ്രകാരമുള്ള കുറ്റകരമാകൂവെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in