സ്റ്റേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്; വിസിക്ക് നിയമോപദേശം, നിലപാടിലുറച്ച് ഗവര്‍ണര്‍
പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് കോടതി കയറുന്നു. ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ണൂർ സർവകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചു. ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. കൂടുതല്‍ നിയമസാധുത പരിശോധിച്ച ശേഷമാകും കോടതിയെ സമീപിക്കുക.
വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഗര്‍വണര്‍ ഉത്തരവിറക്കിയതെന്നും അതിനാല്‍ തന്നെ ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഗവര്‍ണറുടെ തീരുമാനം തല്‍ക്കാലം അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു അടിയന്തര സിന്‍ഡിക്കറ്റ് യോഗത്തില്‍ ഉണ്ടായ ധാരണ.
എന്നാൽ നിയമനാധികാരിയായ ഗവര്‍ണര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. കണ്ണൂര്‍ സര്‍വകലാശാല വിസിയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പ്രതികരിച്ചത്. ഗവര്‍ണറായ തനിക്കെതിരെ കോടതിയില്‍ പോകാന്‍ വിസി ഗോപിനാഥ് രവീന്ദ്രന് കഴിയുമോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. സര്‍വകലാശാല കോടതിയില്‍ പോയാല്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും രാഷ്ട്രീയമായി ആക്രമിച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലയില്‍ സ്വജനപക്ഷപാതമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. പ്രഥമദൃഷ്ട്യാ തന്നെ ഇത് വ്യക്തമാണെന്നും അതുകൊണ്ട് മാത്രമാണ് നിയമനം റദ്ദാക്കിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ് പ്രിയയ്ക്ക് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.