കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറായി പ്രിയാ വര്‍ഗീസിന് നിയമനം
ഹൈക്കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല. നീലേശ്വരം ക്യാംപസിലാണ് നിയമനം നല്‍കിയിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് സര്‍വകലാശാലയുടെ തീരുമാനം.
പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ജൂൺ 22 നാണ് റദ്ദാക്കിയത്. യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ സേവന കാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത് വസ്തുതകള്‍ ശരിയായി മനസിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രിയ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയയും സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെ പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി നല്‍കിയത്. ഇതിനിടയിലാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.