നിയമന വിവാദം:ആരോപണത്തെ പ്രതിരോധിച്ച് പ്രിയ വര്‍ഗീസും സര്‍വകലാശാലയും: 'റിസര്‍ച്ച് സ്‌കോറിന് വലിയ പ്രാധാന്യമില്ല'
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദങ്ങളില്‍ വിശദീകരണവുമായി ഡോ. പ്രിയാ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോര്‍ ഓട്ടോജെനറേറ്റഡായ വെറും അക്കങ്ങള്‍ മാത്രമാണെന്നും വിവരാവകാശരേഖയുടെ പേരിൽ കാണിക്കുന്ന കള്ളക്കളികള്‍ തുറന്ന് കാട്ടേണ്ടതുണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പ്രിയാ വര്‍ഗീസ് കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യയായ പ്രിയാ വർഗീസിന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമനം ലഭിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ചാൻസിലർ കൂടിയായ ഗവർണർ സർവകലാശാലയോട് വിശദീകരണം ചോദിച്ചിരുന്നു
മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പുറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പുറകെയാണ് പ്രിയാ വര്‍ഗീസ് വിശദീകരണവുമായി രംഗത്ത് എത്തിയത്. അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കെന്നും നിയമന നടപടികൾ സുതാര്യവും നിയമപരവുമായാണ് നടക്കുന്നത് എന്നുറപ്പിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും സർവകലാശാല വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ഗവേഷണ മികവിലും അധ്യാപന പരിചയത്തിലും പ്രിയ വര്‍ഗീസ് ഏറെ പിന്നിലായിരുന്നുവെന്നും റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എന്നുമായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനം ലഭിച്ചയാളുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആയിരിക്കെ ഒന്നാം സ്ഥാനത്ത് എത്തിയ പ്രിയ വര്‍ഗീസിന്റെ റാങ്ക് വെറും 156 ആയിരുന്നുവെന്നും വിവരാവകാശ രേഖയില്‍ വ്യക്തമായിരുന്നു. അതേസമയം റിസർച്ച് സ്കോറിൽ കാര്യമില്ലെന്ന് പ്രിയാ വർഗീസും സർവകലാശാലയും വ്യക്തമാക്കുന്നു.
റിസർച്ച് സ്കോർ കമ്പ്യൂട്ടർ ജനറേറ്റഡെന്ന് പ്രിയാ വർഗീസ്
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്പോഴും സോഷ്യല്‍ ഓഡിറ്റിനെ ഭയന്ന് ജീവിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നുവെന്നും പ്രിയ വര്‍ഗീസ് പറയുന്നു. പുറത്തുവന്ന റിസർച്ച് സ്കോർ കമ്പ്യൂട്ടർ ജനറേറ്റഡാണ്. ഓൺലൈൻ അപേക്ഷകളിൽ കമ്പ്യൂട്ടറിൽ വരുന്ന ഓട്ടോജനറേറ്റഡ് മാർക്കുകളാണ് ഇവയെന്നും സർവകലാശാല അത് നേരിട്ട് പരിശോധിച്ച് തന്നിട്ടുള്ളതല്ലെന്നും അവർ പറഞ്ഞു. ഇന്റർവ്യൂ ഓൺലൈനായി നടന്നതാണ്. അത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുംകൂടി വിവരാവകാശ പ്രകാരം എടുത്തുവെച്ച് സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പ്രിയ വ്യക്തമാക്കി.
സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ചെന്ന് സർവകലാശാല
സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഇക്കാര്യം കണ്ണൂർ സർവകലാശാല സ്ഥിരീകരിക്കുന്നുണ്ട്.
സർവകലാശാലയുടെ വിശദീകരണം
പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സ്റ്റാൻഡിങ് കൗൺസലിന്റെ അഭിപ്രായം തേടിയിരുന്നെന്നും ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് ലഭിച്ച നിയമോപദേശമെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി 18-02-2022ന് യുജിസി ചെയർമാന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമാഭിപ്രായം തേടിയെന്നും സർവകലാശാല സ്റ്റാന്റിങ് കൗൺസിൽ നൽകിയ അഭിപ്രായത്തോട് എജി യോജിക്കുകയാണ് ഉണ്ടായതെന്നും സർവകലാശാല വിശദീകരിക്കുന്നു.
അഭിമുഖത്തിൽ അപേക്ഷാർത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാൽ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തർക്കും മാർക്ക് നൽകുന്നത്
'റിസർച്ച് സ്കോർ മതി 75 മതി'
യുജിസി നിയമത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാൻ മറ്റു യോഗ്യതകൾക്കൊപ്പം 75 റിസർച്ച് സ്കോർ മതിയെന്ന് കണ്ണൂർ സർവകലാശാലാ വ്യക്തമാക്കുന്നു. അധ്യാപക തസ്തികകളിലേക്ക് സർവകലാശാല തയ്യാറാക്കിയ ഓൺലൈൻ അപേക്ഷയിൽ അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക്കേഷനുകളുടെ എണ്ണത്തിന് അടിസ്ഥാനമാക്കിയാണ് സോഫ്റ്റ്‌വെയർ സ്കോർ കണക്കാക്കുന്നത്. സ്കോർ കൂടിയതുകൊണ്ട് മാത്രം ഒരാൾ തിരഞ്ഞെടുക്കപ്പെടണമെന്നില്ല. അതിനാൽ തന്നെ സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു. അഭിമുഖത്തിൽ അപേക്ഷാർത്ഥിയുടെ അറിവും പബ്ലിക്കേഷനുകളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും സമിതിയിലെ വിഷയ വിദഗ്ധരാൽ വിലയിരുത്തപ്പെടും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, പ്രധാന വിഷയത്തിലും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലുമുള്ള അറിവ് എന്നിവ തിരഞ്ഞെടുപ്പ് സമിതി വിലയിരുത്തിയാണ് ഓരോരുത്തർക്കും മാർക്ക് നൽകുന്നത്. മറ്റെല്ലാ തെരഞ്ഞെടുപ്പ് സമിതികളുടെയും കാര്യത്തിലെന്നപോലെ ഇവിടെയും അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്കാണെന്നും സർവകലാശാല വ്യക്തമാക്കുന്നു.
പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.