ദിലീപിനും വിജയ് ബാബുവിനുമെതിരെ നടപടിയുണ്ടായില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇരട്ടത്താപ്പെന്ന് വിമര്‍ശനം
നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നടപടിക്കെതിരെ വ്യാപക വിമർശനം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനും ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിയായ വിജയ് ബാബുവിനുമെതിരെ നടപടി എടുക്കാതിരുന്ന പ്രെഡ്യൂസേഴ്സ് അസോസിയേഷൻ്റെ സ്ത്രീപക്ഷ നിലപാടിൽ സംശയമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. പണത്തിൻ്റെ പിൻബലവും സ്വാധീനവുമുള്ള തിനാലാണ് ദിലീപിനും വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തത്. ഇത്തരം സ്വാധീനങ്ങളില്ലാത്തതാണ് ശ്രീനാഥ് ഭാസിയെ വിലക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്.
നിങ്ങൾക്ക് നടപടിയെടുക്കാനും അറിയാം അല്ലേ എന്നാണ് വിജയ് ബാബു പ്രതിയായ കേസിലെ അതിജീവിതയുടെ പരിഹാസം. ആരെ കൊന്നിട്ടായാലും അവർക്ക് വേണ്ടപ്പെട്ടവരെ അവർ സംരക്ഷിക്കുമെന്നും നടി സോഷ്യൽ മീഡിയ പോസ്റ്റിൽ ചൂണ്ടിക്കാട്ടി
അതേസമയം ശ്രീനാഥ് ഭാസിയെ വിലക്കേണ്ടതില്ലെന്നും പരാതി പിൻവലിക്കാൻ തയ്യാറാണാണെന്നും അവതാരക നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചിരുന്നു. തെറ്റ് ആവർത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കാമെന്ന് ശ്രീനാഥ് ഭാസിയും അറിയിച്ചെങ്കിലും സ്ത്രീകളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നടപടി