സിജെഎമ്മിനെതിരെ അസഭ്യ മുദ്രാവാക്യവും പ്രതിഷേധവും; 29 അഭിഭാഷകർക്കെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി
കോട്ടയത്ത് ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകർക്കെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റടക്കമുള്ളവർക്കെതിരെയാണ് ഡിവിഷൻ ബെഞ്ച് സ്വമേധയ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തത്. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അഭിഭാഷകനായ എപി നവാബിനെതിരെ കേസ് എടുത്തതുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പ്രതിഷേധത്തിനെതിരെയാണ് നടപടി. തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ കോട്ടയം ബാറിലെ അഭിഭാഷകനായ എ പി നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം സിജെഎമ്മിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനെ പ്രതിയാക്കി കേസെടുത്തിരുന്നു.
ഇതിനെതിരെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. മജിസ്‌ട്രേറ്റിനെതിരായ പ്രതിഷേധത്തിൻറെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്‌ട്രേറ്റ് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്. മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസ് നവംബർ 30ന് വീണ്ടും പരിഗണിക്കും. ബാർ കൗൺസിലും സംഭവത്തിൽ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം കോട്ടയം കോടതിയിലെ അഭിഭാഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.