ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം; സംഘര്‍ഷം
കോഴിക്കോട് ആവിക്കലില്‍ മലിനജലപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ജനവാസമേഖലയില്‍ മലിനജല പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളില്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയാണ് സംഘര്‍ഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. എന്നാല്‍ പ്രതിഷേധത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കടന്നുകൂടി കല്ലെറിഞ്ഞു എന്നാണ് സമരസമിതിയുടെ ആരോപണം. പതിനേഴ് പേരെ കസ്റ്റഡിയിലെടുത്തു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
എന്തിനാണ് പ്രതിഷേധം?
ജനവാസമേഖലയായ ആവിക്കലില്‍ തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്ന മലിനജന സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തുന്നത് വരെ പ്രതിഷധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാല്‍, പിന്മാറില്ലെന്നാണ് കോര്‍പറേഷന്റെ നിലപാട്.
കോര്‍പറേഷന്റെ അമൃത് പദ്ധതിയിലെ ആദ്യ രണ്ട് പ്രോജക്ടുകളാണ് കോതിയും ആവിക്കലും. കോതിയില്‍ പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. കോതിയിലെ മലിനജല സംസ്‌കരണപ്ലാന്റിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം പുനരാരംഭിച്ചപ്പോഴാണ് പ്രതിഷേധം കടുത്തത്. ആവിക്കലില്‍ ഇന്നുണ്ടായ തരത്തിലുള്ള പ്രതിഷേധം രണ്ട് മാസം മുന്‍പ് കോതിയിലും നടന്നിരുന്നു. കോതി പ്ലാന്റിനെതിരായ ഹർജിയില്‍ അടുത്തയാഴ്ച ഹൈക്കോടതി അന്തിമവിധി പറയും.
അതിനിടെയാണ് ആവിക്കലിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ തുടക്കം കുറിച്ചത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശമാണ് ആവിക്കല്‍ തോട്. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് അധികവും. ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തെ പോലും പ്ലാന്റ് ബാധിക്കുമോയെന്നാണ് ജനങ്ങളുടെ ആശങ്ക. യുഡിഎഫും നാട്ടുകാര്‍ക്കൊപ്പം സമരരംഗത്തുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നിര്‍മാണം നടത്തൂ എന്ന് പറഞ്ഞിരുന്ന നഗരസഭാ അധികൃതര്‍ ചര്‍ച്ചക്കോ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍ കെ.സി ശോഭിത 'ദ ഫോർത്തി'നോട് പ്രതികരിച്ചു.