കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍, കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ; പ്രതിഷേധം ഒഴിയാതെ നഗരസഭ

കത്ത് വ്യാജമെന്ന് ആവര്‍ത്തിച്ച് മേയര്‍, കേസ് രജിസ്റ്റർ ചെയ്തതായി സർക്കാർ; പ്രതിഷേധം ഒഴിയാതെ നഗരസഭ

നഗരസഭയിൽ എത്തിയ ജീവനക്കാരെ സമരക്കാർ കടത്തിവിട്ടില്ല. സമരക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി.
Updated on
1 min read

വിവാദമായ കത്ത് വ്യാജമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കേസ് രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴും പ്രതിഷേധം ഒഴിയാതെ നഗരസഭ. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് യുവമോര്‍ച്ച. കോര്‍പ്പറേഷന് മുന്നിലെ ഇരു ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചു. നഗരസഭയിൽ എത്തിയ ജീവനക്കാരെ സമരക്കാർ കടത്തിവിട്ടില്ല. സമരക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതോടെ പോലീസ് ഇടപെടുകയും സംഘഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പ്രതിഷേധം തുടരുകയാണ്.

കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിയില്‍ മേയറും സംസ്ഥാന സര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു. കത്ത് വ്യാജമാണെന്ന വാദമാണ് മേയര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജി അപ്രസക്തമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

നേരത്തെ, ക്രൈംബ്രാഞ്ച് മേയറുടെ മൊഴിയെടുത്തിരുന്നു. തന്റെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്താണ് കത്ത് തയ്യാറാക്കിയതെന്നായിരുന്നു മേയറുടെ മൊഴി. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച കത്ത് താന്‍ നല്‍കിയിട്ടില്ല. അത്തരത്തില്‍ ഒന്ന് തയ്യാറാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ല. താന്‍ ഡല്‍ഹിയിലായിരുന്ന തീയതിയിലാണ് കത്ത് തയ്യാറാക്കപ്പെട്ടത്. കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും മേയര്‍ പറഞ്ഞിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തിരുന്നു. തങ്ങള്‍ കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമവാര്‍ത്ത വന്നപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നുമാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തേക്കും. വിവാദമായ കത്ത് കോര്‍പ്പറേഷനില്‍ത്തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ആരാണ് ഇത് തയ്യാറാക്കി വാട്സാപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. ആദ്യഘട്ട മൊഴികൾ പരിശോധിച്ച ശേഷം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

ഈ മാസം ഒന്നിന് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പുറത്തായതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയറുടെ ഒപ്പുള്ള കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in